ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
അബുദബി: മേഖലയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യത്തിനിടയിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ തകർത്ത് യുഎഇ പ്രതിരോധസേന. ഇറാനിൽ നിന്ന് വിക്ഷേപിച്ച 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളുമാണ് യുഎഇ വ്യോമ പ്രതിരോധ സേന തകർത്തതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈൽ ആക്രമണത്തെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങളിൽ അബുദബിയിലെ സ്വീഹാൻ റോഡിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാൻ പൗരനുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരു ഇന്ത്യക്കാരനും ഒരു ഇമാറാത്തി പൗരനും ഒരു ജോർദാനിയൻ പൗരനും ഉൾപ്പെടുന്നു. ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അബുദബി ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിനുശേഷം യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഇതുവരെ 372 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,826 ഡ്രോണുകളും തകർത്തിട്ടുണ്ട്. യുദ്ധം തുടങ്ങിയ ശേഷം യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങളും, ബഹ്‌റൈനിൽ വെച്ച് സായുധ സേനയുടെ ഭാഗമായ ഒരു മൊറോക്കൻ സിവിൽ കരാറുകാരനും വീരമൃത്യു വരിച്ചിരുന്നു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്റാഈലും ആരംഭിച്ച സൈനിക നീക്കങ്ങൾക്ക് മറുപടിയായാണ് ഇറാൻ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചത്. അന്നുമുതൽ പ്രതിദിനം മിസൈൽ - ഡ്രോൺ ഭീഷണികൾ യുഎഇ നേരിടുന്നുണ്ട്.
സൈനിക സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക നടപടികൾക്ക് പകരം നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നാണ് യുഎഇയുടെ നിലപാട്.
uae air defense systems successfully intercept 15 ballistic missiles and 11 drones launched in an iran attack, preventing major damage and ensuring public safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."