മൊബൈല്‍ കമ്പനികളുടെ 13ാം മാസ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് കേന്ദ്രം, 28 ദിവസത്തെ റീചാര്‍ജ് സംവിധാനം മാറും
കൊച്ചി: ഉപഭോക്താക്കളെ പിഴിഞ്ഞ് മൊബൈല്‍ കമ്പനികൾ വർഷങ്ങളായി തുടരുന്ന പകൽക്കൊള്ള ഇനി തുടരാനാകില്ല. സേവന രംഗത്തെ 28 ദിവസത്തെ റീചാര്‍ജ് സംവിധാനം മാറ്റി 30 ദിവസം പൂർണമായും ഉറപ്പാക്കണമെന്ന് കർശനനിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന കടുത്ത പരാതികളും പാര്‍ലമെന്റില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കും പിന്നാലെയാണ് കേന്ദ്രം ഇടപെട്ടത്. 30 ദിവസത്തെ വാലിഡിറ്റിക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രം ടെലികോം കമ്പനികള്‍ക്ക് കർശന നിര്‍ദേശം നല്‍കി. സുപ്രഭാതം ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകൾ നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ആദ്യമായി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതും സുപ്രഭാതമാണ്.
മാസത്തിൽ 30 ദിവസമെന്നത് 28 ആക്കിയാണ് മൊബൈല്‍ കമ്പനികള്‍ ഇത്രകാലവും കൊള്ള തുടർന്നിരുന്നത്. മാസത്തില്‍ 28 ദിവസം എന്ന നിലയില്‍ റീചാര്‍ജ് ചെയ്ത് കമ്പനികള്‍ സൃഷ്ടിച്ചെടുത്തിരുന്നത് ഒരു അധിക മാസവും അതിലൂടെ കോടികളുമായിരുന്നു.
365 ദിവസമെന്ന നിലയിലേക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അധികമായി 13 ാം റീചാര്‍ജ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു ഉപഭോക്താക്കൾ. ഇത് ചൂണ്ടിക്കാട്ടി സുപ്രഭാതം കഴിഞ്ഞ ഒക്ടോബറിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആദ്യമായാണ് ഈ വിഷയത്തില്‍ ഒരു മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും. പിന്നാലെ കൊടിക്കുന്നില്‍ സുരേഷ് എം.പിയും വിഷയം ലോക്‌സഭയിലെത്തിച്ചു. ഏറെ ചര്‍ച്ചയായ ഈ വാര്‍ത്ത പിന്നാലെ ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ചദ്ദയും രാജ്യസഭയിലുയര്‍ത്തി.
ഇരു സഭകളിലെയും എം.പിമാരുടെ ആവശ്യത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടായത്. 28 ദിവസം എന്ന രീതിയില്‍ വര്‍ഷത്തില്‍ 12 തവണയ്ക്കു പകരം 13 തവണ റീചാര്‍ജ് ചെയ്യേണ്ട സാഹചര്യമാണ് നിലനിന്നിരുന്നത്. ‘മാസപ്പാക്കേജ്’ എന്ന പേരില്‍ അവതരിപ്പിച്ചിരുന്നെങ്കിലും, യഥാര്‍ഥത്തില്‍ 28 ദിവസ കാലാവധി നല്‍കുന്നതിലൂടെ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയായിരുന്നു ഉണ്ടായിരുന്നത്. ഇതിനെതിരേ വിമര്‍ശനം വ്യാപകമായിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉയര്‍ന്നതോടെയാണ് കേന്ദ്ര ടെലികോം മന്ത്രാലയം ഇടപെട്ടത്.
ആദ്യം സഭയിലുയര്‍ത്തി കൊടിക്കുന്നില്‍
കൊച്ചി: 28 ദിവസത്തെ പ്ലാനുകള്‍ വഴി സാധാരണക്കാരില്‍നിന്ന് അധിക പണം ഊറ്റി മൊബൈൽക്കമ്പനികൾ തടിച്ചുകൊഴുക്കുകയായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളോട് വര്‍ഷങ്ങളായി തുടരുന്ന റീചാര്‍ജ് ചൂഷണത്തിനെതിരേ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം സ്വാഗതാര്‍ഹമാണ്.
മാസപ്പാക്കേജ് എന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ടെലികോം കമ്പനികള്‍ പിന്തുടര്‍ന്നിരുന്നത്. ഇത് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ പ്രധാന വിഷയങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകള്‍ പ്രാധാന്യത്തോടെ പ്രചരിപ്പിക്കണമെന്ന നിര്‍ദേശം ഉപഭോക്തൃ അവകാശ സംരക്ഷണത്തിലേക്കുള്ള പോസിറ്റീവ് നീക്കമാണ്. എന്നാല്‍, കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന സാഹചര്യത്തില്‍, വിലക്കുറവും വ്യക്തതയും ഉറപ്പാക്കാനും ഉപഭോക്താക്കളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കൂടുതല്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."