ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും: കെട്ടിടം തകർന്ന് അധ്യാപകൻ മരിച്ചു, മരണസംഖ്യ 10 ആയി
മസ്കത്ത്: ഒമാനിൽ ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ മരണസംഖ്യ പത്തായി. ഇബ്രി വിലായത്തിലെ വാദി അൽ ഐനിൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം തകർന്ന് ഒരു സുഡാനീസ് അധ്യാപകൻ മരിച്ചതാണ് ഏറ്റവും പുതിയ സംഭവം. കനത്ത മഴയെത്തുടർന്ന് വാദികൾ നിറഞ്ഞൊഴുകിയതാണ് കെട്ടിടം തകരാൻ കാരണമായത്.
അപകടസ്ഥലത്തുനിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്ത അധ്യാപകന്റെ മൃതദേഹം പൊലിസ് ഏവിയേഷൻ മുഖേനയാണ് മാറ്റിയത്. അൽ ദഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിൽ വാദിയിലെ കുത്തൊഴുക്കിൽപ്പെട്ട് ഒരു കുട്ടിയും മരിച്ചു. കാണാതായ കുട്ടിക്കായി അടിയന്തര തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗം അറിയിച്ചു.
533 പേർക്ക് അഭയം നൽകി
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ദുരിതത്തിലായവർക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റിന്റെ (NCEM) നേതൃത്വത്തിൽ ബാധിത ഗവർണറേറ്റുകളിൽ ഏകോപിത നീക്കങ്ങളാണ് നടക്കുന്നത്. ഇതുവരെ ആകെ 533 പേർക്ക് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം നൽകി. നിലവിൽ ഒമ്പത് ഷെൽട്ടറുകളിലായി 253 പേർ താമസിക്കുന്നുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും അടിയന്തര സഹായം എത്തിക്കാനും രക്ഷാസേന രംഗത്തുണ്ട്.
അവശ്യ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വാദികൾ മുറിച്ചുകടക്കരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും ഒമാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.
heavy rain and flooding in oman have caused widespread damage, including a building collapse that killed a teacher. the death toll has risen to 10, as authorities continue rescue operations and assess the impact of severe weather conditions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."