മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിയുടെ ശബ്ദം ഒത്തുനോക്കാൻ കോടതിയുടെ അനുമതി തേടി ബിജെപി നേതാവ്
സുൽത്താൻപൂർ: ബിജെപി മുൻ അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ അനുമതി തേടി പരാതിക്കാരൻ കോടതിയെ സമീപിച്ചു. സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിലാണ് വാദിഭാഗം അപേക്ഷ സമർപ്പിച്ചത്.
രാഹുൽ ഗാന്ധിയുടെ ശബ്ദ സാമ്പിൾ ശേഖരിച്ച്, കോടതിയിൽ തെളിവായി ഹാജരാക്കിയ സിഡിയിലെ ശബ്ദവുമായി ഒത്തുനോക്കണമെന്നാണ് പരാതിക്കാരനായ വിജയ് മിശ്രയുടെ ആവശ്യം. ഇതിനായി സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (FSL) അയക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സന്തോഷ് കുമാർ പാണ്ഡെ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ ഈ ആവശ്യത്തെ ശക്തമായി എതിർത്തു. കേസിൽ അടുത്ത വാദം കേൾക്കുന്നത് ഏപ്രിൽ 6-ലേക്ക് കോടതി മാറ്റി വെച്ചു.
2018-ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കേസ്. സുൽത്താൻപൂർ സ്വദേശിയായ ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതി നൽകിയത്.
2023 ഡിസംബറിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് രാഹുലിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2024 ഫെബ്രുവരിയിൽ കോടതിയിൽ കീഴടങ്ങിയ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. പരാതിക്കാരൻ ഹാജരാക്കിയ ഓഡിയോ, വീഡിയോ തെളിവുകൾ വ്യാജമാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്ന് ഫെബ്രുവരി 20-ന് കോടതിയിൽ ഹാജരായപ്പോൾ രാഹുൽ ഗാന്ധി മൊഴി നൽകിയിരുന്നു.
രാമനവമി അവധി പ്രമാണിച്ച് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വാദം ശനിയാഴ്ചത്തേക്കും പിന്നീട് ഏപ്രിൽ ആറിലേക്കും നീട്ടുകയായിരുന്നു. കേസിൽ സുപ്രിം കോടതി നേരത്തെ നടപടികൾ സ്റ്റേ ചെയ്യുകയും ഉത്തർപ്രദേശ് സർക്കാരിനും പരാതിക്കാരനും നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
a bjp leader has approached a special mp-mla court in sultanpur seeking permission to collect the voice sample of congress leader rahul gandhi. the application, filed on march 28, 2026, aims to compare mr. gandhi's voice with an audio-video cd submitted as evidence in a 2018 defamation case regarding his alleged remarks against amit shah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."