13 വർഷങ്ങൾക്ക് ശേഷം ജയിച്ചു തുടങ്ങാൻ ദൈവത്തിന്റെ പോരാളികൾ; വാംഖഡെയിൽ എതിരാളികൾ കൊൽക്കത്ത
മുംബൈ: തോറ്റ് തുടങ്ങുന്ന ശീലം ഇത്തവണയെങ്കിലും മുംബൈ ഇന്ത്യൻസ് മാറ്റിയെഴുതുമോ. 19-ാം സീസൺ ഐ. പി.എല്ലിന്റെ ആദ്യ മത്സരത്തിന് കൊൽക്കത്തക്കെതിരേ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുമ്പോൾ മുംബൈ ഇന്ത്യൻസിന് ഒറ്റ ലക്ഷ്യം മാത്രം, 13 സീസണുകളിലായി പിന്തുടരുന്ന ആദ്യ മത്സരത്തിലെ പരാജയമെന്ന ശാപം ഒഴിവാക്കണം. 2012ലാണ് അവസാനമായി ഒരു സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ജയിക്കുന്നത്. അതിനു ശേഷം നടന്ന എല്ലാ സീസണിലും പരാജയപ്പെടാനായിരുന്നു അവരുടെ വിധി. ഇന്ന് രാത്രി 7.30ന് വാംഖഡെ സ്റ്റേഡിയത്തിലാണ് മുംബൈയും കൊൽക്കത്തയും കൊമ്പുകോർക്കുന്നത്.
കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ പുറത്തായ ഹർദിക് പാണ്ഡ്യയുടെ മുംബൈ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. രോഹിത് ശർമയും ഡി കോക്കും ഓപൺ ചെയ്യുന്ന ബാറ്റിങ് നിര തന്നെയാണ് മുംബൈയുടെ കരുത്ത്. തിലക് വർമയും സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയുമടങ്ങുന്ന മധ്യനിരയും എതിരാളികളെ വിറപ്പിക്കുന്നതാണ്. ജസ്പ്രിത് ബുംറ-ട്രെന്റ് ബോൾട്ട്-ദീപക് ചാഹർ പേസ് ത്രയവും കൊൽക്കത്തൻ ബാറ്റിങ് നിരയ്ക്ക് തലവേദനയാവും. ടീമിനൊപ്പം ചേരാൻ വൈകിയ വിൽ ജാക്സിനും മിച്ചൽ സാന്റ്നർക്കും ഇന്നത്തെ മത്സരം നഷ്ടമായേക്കും.
മറുവശത്ത് കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറക്കാനുറച്ചാണ് കൊൽക്കത്തയെത്തുന്നത്. കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തായിരുന്നു കെ.കെ.ആറിന്റെ സ്ഥാനം. അതിനാൽ ഇത്തവണ മികച്ച ടീമുമായാണ് രഹാനെയും സംഘവും കളത്തിലെത്തുന്നത്. ടി20 ലോകകപ്പിൽ വെടിക്കെട്ട് പ്രകടനം നടത്തിയ കിവി ഓപ്പണർ ഫിൻ അലനിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷകൾ. സുനിൽ നരെയ്ൻ, രഹാനെ, രഘുവൻഷി, കാമറൂൺ ഗ്രീൻ എന്നിവരും അവസരത്തിനൊത്തുയർന്നാൽ റൺമല കയറാമെന്ന ആത്മവിശ്വാസത്തിലാണ് കെ .കെ.ആർ. ഫിനിഷിങ് റോളിൽ റിങ്കു സിങ്ങും രമൺദീപ് സിങ്ങും വരുന്നതോടെ അവരുടെ കരുത്ത് വർധിക്കുന്നു. വരുൺ ചക്രവർത്തിയിലും ബ്ലെസിങ് മുസറബാനിയിലുമാണ് കൊൽക്കത്തയുടെ ബൗളിങ് പ്രതീക്ഷകൾ.
മുംബൈ സാധ്യത ഇലവൻ
ദീപക് ചാഹർ, അല്ലാഹ് ഗസൻഫാർ, ട്രെന്റ് ബോൾട്ട്, രോഹിത് ശർമ, ക്വന്റൺ ഡി കോക്ക്, തിലക് വർമ, സുര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, നമാൻ ധിർ, ഷെർഫാനെ റുഥർഫോർഡ്, ജസ്പ്രീത് ബുംറ, ഇംപാക്ട് പ്ലെയർ- മായങ്ക് മാർകണ്ഡെ.
കൊൽക്കത്ത സാധ്യതാ ഇലവൻ
ഫിൻ അലൻ. സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ, അഗ്രിഷ് രഘുവൻഷി, കാമറൂൺ ഗ്രീൻ, റിങ്കു സിങ്, രമൺദീപ് സിങ്, വൈഭവ് അറോറ, ബ്ലെസിങ് മുസറബാനി, വരുൺ ചക്രവർത്തി, ഉമ്രാൻ മാലിക്, ഇംപാക്ട് പ്ലെയർ- കാർത്തിക് ത്യാഗി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."