ഡേറ്റിംഗ് ആപ്പിൽ 'ഷെറി' വിരിച്ച സുന്ദരക്കെണി; യുവാവിനെ തട്ടിക്കൊണ്ടുപോയി 7 ലക്ഷം കവർന്നു; പെൺകുട്ടിയടക്കം അഞ്ചംഗ സംഘം പിടിയിൽ
ന്യൂഡൽഹി: ഡേറ്റിംഗ് ആപ്പുകൾ വഴി യുവാക്കളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി പണം തട്ടുന്ന അഞ്ചംഗ സംഘം ഡൽഹിയിൽ പിടിയിലായി. തെക്കുകിഴക്കൻ ഡൽഹിയിലെ കൽക്കാജിയിലാണ് സിനിമയെ വെല്ലുന്ന രീതിയിൽ ഹണിട്രാപ്പ് നടന്നത്. സംഘത്തിന്റെ കെണിയിൽപ്പെട്ട അനുരൂപ് നരുല എന്ന യുവാവിന് ഏകദേശം 7 ലക്ഷം രൂപയാണ് നഷ്ടമായത്.
സൗഹൃദം തുടങ്ങിയത് 'ഷെറി'യിലൂടെ
'ഷെറി' എന്ന പേരുള്ള ഡേറ്റിംഗ് ആപ്പ് പ്രൊഫൈൽ വഴിയാണ് ഹർലീൻ കൗർ എന്ന ഇരുപതുകാരി യുവാവിനെ പരിചയപ്പെടുന്നത്. ദിവസങ്ങൾ നീണ്ട ചാറ്റിംഗിന് ശേഷം മാർച്ച് 25-ന് നെഹ്‌റു പ്ലേസിൽ വെച്ച് നേരിട്ട് കാണാമെന്ന് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. യുവതിയെ കാണാൻ പറഞ്ഞ സ്ഥലത്തെത്തിയ അനുരൂപിനെ കാത്തിരുന്നത് വലിയൊരു ചതിയായിരുന്നു.
തട്ടിക്കൊണ്ടുപോകലും ക്രൂരമായ മർദ്ദനവും
യുവതിയുമായി സംസാരിച്ചു നിൽക്കുന്നതിനിടെ കാറിലെത്തിയ മൂന്നംഗ സംഘം അനുരൂപിനെ ബലമായി വാനിൽ വലിച്ചുകയറ്റുകയായിരുന്നു. കാറിനുള്ളിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതികളുടെ നിർബന്ധത്തിന് വഴങ്ങി യുപിഐ വഴി പണം കൈമാറാനും എടിഎം കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിച്ച് പണം പിൻവലിക്കാനും യുവാവ് നിർബന്ധിതനായി. ഇങ്ങനെ ഏകദേശം 7 ലക്ഷം രൂപയാണ് സംഘം കവർന്നത്.
പൊലിസ് വലയിലായവർ
യുവാവിന്റെ പരാതിയിൽ കൽക്കാജി പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ, ഫാസ്റ്റ് ടാഗ് വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ എന്നിവ പിന്തുടർന്ന പൊലിസ് അഞ്ച് പ്രതികളെയും റെയ്ഡിലൂടെ പിടികൂടി.ഹർലീൻ കൗർ (ജെന്നി - 20) യുവാക്കളെ വശീകരിച്ച് കെണിയിലാക്കുന്നത് ഇവരാണ് ആദ്യം പിടിയിലായത്. പുറകെ തട്ടിക്കൊണ്ടുപോകലിനും മർദ്ദനത്തിനും നേതൃത്വം നൽകിയ ഇവരുടെ സംഘത്തിലെ ഋഷഭ് (25), നബോജിത് ഡേ (30), സഞ്ജയ് (28), സാഹിൽ ചൗഹാൻ എന്നിവരും പൊലിസ് പിടിലായി.
"ഡേറ്റിംഗ് ആപ്പുകൾ വഴി സമ്പന്നരായ പുരുഷന്മാരെ കണ്ടെത്തി അവരെ നേരിട്ട് കാണാൻ വിളിച്ചുവരുത്തി കൊള്ളയടിക്കുക എന്നതായിരുന്നു ഇവരുടെ രീതി. പ്രതികളിൽ നിന്ന് രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും കണ്ടെടുത്തയി" ഡൽഹി പൊലിസ് പറഞ്ഞു.
കൊള്ളയടിച്ച പണം പ്രതികൾ ബാങ്ക് അക്കൗണ്ടുകൾ വഴി മാറ്റിയതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നും ഇവർ മുൻപ് സമാനമായ രീതിയിൽ ആരെയെങ്കിലും കുടുക്കിയിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."