ഇറാന്റെ ആക്രമണ പരമ്പരകളെ അതിജീവിച്ച് യുഎഇ; ഒരു മാസത്തിനിടെ തകർത്തത് 2000-ത്തിലധികം മിസൈലുകളും ഡ്രോണുകളും
അബുദബി: യുഎഇയുടെ സിവിലിയൻ-സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആരംഭിച്ച അതിരൂക്ഷമായ ആക്രമണങ്ങൾ ഒരു മാസം പിന്നിടുന്നു. 2026 ഫെബ്രുവരി 28 മുതൽ ആരംഭിച്ച മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളിലൂടെയാണ് യുഎഇ പ്രതിരോധിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും വിട്ടുവീഴ്ചയില്ലാത്തതാണെന്ന് വ്യക്തമാക്കിയ യുഎഇ, ശക്തമായ നയതന്ത്ര നീക്കങ്ങളുമായി അന്താരാഷ്ട്ര വേദികളിൽ സാന്നിധ്യമറിയിച്ചു.
കഴിഞ്ഞ 30 ദിവസത്തിനിടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ 4,391 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ യുഎഇയെ മാത്രം ലക്ഷ്യമിട്ട് എത്തിയത് 2,156 പ്രൊജക്‌ടൈലുകളാണ്.
ഈ ഭീഷണികളിൽ ഭൂരിഭാഗവും യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തു. എന്നിരുന്നാലും, തകർന്ന അവശിഷ്ടങ്ങൾ വീണും മറ്റും ചിലയിടങ്ങളിൽ ഭൗതിക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ 11 പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ 29 രാജ്യങ്ങളിൽ നിന്നുള്ള 171 പേർക്ക് പരുക്കേറ്റു. സാധാരണക്കാരെയും വിമാനത്താവളങ്ങൾ, എണ്ണശാലകൾ തുടങ്ങിയ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യുഎഇ കുറ്റപ്പെടുത്തി.
ജനീവയിലെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ യുഎഇ പ്രതിനിധി ജമാൽ അൽ മുഷാറഖ് ഇറാന്റെ നടപടികളെ ശക്തമായി അപലപിച്ചു. ഊർജ്ജ സുരക്ഷയെയും ആഗോള വിതരണ ശൃംഖലയെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് യുഎഇ ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇത്രയും വലിയ വെല്ലുവിളികൾക്കിടയിലും രാജ്യത്തെ ദൈനംദിന ജീവിതവും വികസന പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. വ്യോമയാന മേഖലയും വാണിജ്യ കേന്ദ്രങ്ങളും പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്നു. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള യുഎഇയുടെ സൈനിക-സാങ്കേതിക സന്നദ്ധതയുടെ തെളിവായി ഈ പ്രതിരോധം മാറിക്കഴിഞ്ഞു.
the uae has successfully intercepted more than 2000 missiles and drones within a month, overcoming a series of attacks. officials highlight strong defense systems, rapid response capabilities, and continued vigilance to safeguard national security amid ongoing regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."