ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി; മൂന്നാഴ്ചയ്ക്കുള്ളിൽ തകർന്നത് ശതകോടികളുടെ യുദ്ധവിമാനങ്ങളും ആയുധങ്ങളും
ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷം യുഎസിന് കനത്ത സാമ്പത്തിക-സൈനിക പ്രഹരം ഏൽപ്പിക്കുന്നതായി റിപ്പോർട്ടുകൾ. യുദ്ധം ആരംഭിച്ച് ആദ്യ മൂന്നാഴ്ച പിന്നിടുമ്പോൾ തന്നെ ശതകോടക്കണക്കിന് ഡോളർ വിലമതിക്കുന്ന സൈനിക സന്നാഹങ്ങൾ തകർന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 1.4 ബില്യൺ മുതൽ 2.9 ബില്യൺ ഡോളർ വരെ മൂല്യമുള്ള നാശനഷ്ടങ്ങൾ ഇതിനോടകം സംഭവിച്ചതായാണ് പെന്റഗണിലെ മുൻ ബജറ്റ് ഉദ്യോഗസ്ഥ എലെയ്ൻ മക്കസ്‌കറെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തകർന്നു വീണത് അത്യാധുനിക ജെറ്റുകൾ
യുഎസിന്റെ അഭിമാനമായ അത്യാധുനിക യുദ്ധവിമാനങ്ങൾക്കാണ് ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. മാർച്ച് ഒന്നിന് കുവൈത്ത് അതിർത്തിയിലുണ്ടായ പിഴവിനെത്തുടർന്ന് മൂന്ന് എഫ്-15ഇ (F-15E) വിമാനങ്ങളാണ് തകർന്നു വീണത്.
മാർച്ച് 16-നുണ്ടായ ആക്രമണത്തിൽ തകരാർ സംഭവിച്ച ഒരു എഫ്-35 വിമാനം അടിയന്തരമായി നിലത്തിറക്കി. ഇതിന് പിന്നാലെ മാർച്ച് 19-ന് ഇറാൻ ലക്ഷ്യം വെച്ച ഒരു എഫ്-35എ ലൈറ്റ്‌നിംഗ് II വിമാനവും തകർന്നു വീണു. 82.5 മില്യൺ മുതൽ 100 മില്യൺ ഡോളർ വരെയാണ് ഓരോ വിമാനത്തിന്റെയും ഏകദേശ മൂല്യം. ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ പത്തിലധികം എംക്യു-9 റീപ്പർ ഡ്രോണുകൾ ഇതുവരെ നശിപ്പിക്കപ്പെട്ടു.
യുഎസ് സൈനിക ശക്തിയുടെ അടയാളമായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന വിമാനവാഹിനിക്കപ്പലിന് മാർച്ച് 12-ന് തീപിടുത്തമുണ്ടായി. നിലവിൽ ഗ്രീസിലെ സൗദ ബേയിൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് സൂചന.
മറ്റ് പ്രധാന നാശനഷ്ടങ്ങൾ:
ഇറാഖിന് മുകളിൽ രണ്ട് കെസി-135 റീഫ്യൂലിംഗ് വിമാനങ്ങൾ കൂട്ടിയിടിച്ച് ആറ് സൈനികർ കൊല്ലപ്പെട്ടു.
സഊദി പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് കെസി-135 വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റി.
സഊദി അറേബ്യ, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളിലെ റഡാർ സംവിധാനങ്ങൾ തകർക്കപ്പെട്ടു.
200 ബില്യൺ ഡോളർ അധിക സഹായം തേടി പെന്റഗൺ
ആയുധശേഖരവും പ്രതിരോധ സംവിധാനങ്ങളും പുനഃസ്ഥാപിക്കുന്നതിനായി പെന്റഗൺ 200 ബില്യൺ ഡോളറിന്റെ അധിക ധനസഹായത്തിന് അനുമതി തേടിയിട്ടുണ്ട്. ഇസ്റാഈലിലെയും ഗൾഫ് രാജ്യങ്ങളിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും വർദ്ധിക്കാനാണ് സാധ്യത.
the ongoing conflict with iran has dealt a heavy blow to the u.s. military, resulting in losses between $1.4 billion and $2.9 billion within the first three weeks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."