ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ നഷ്ടപരിഹാരം നൽകണം: ഡോ. അൻവർ ഗർഗാഷ്
അബുദബി: യുഎസ്-ഇറാൻ-ഇസ്റാഈൽ യുദ്ധം മുപ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ, മേഖലയിലെ സംഘർഷാവസ്ഥയിൽ നിർണ്ണായക നിലപാടുമായി യുഎഇ. ഇറാൻ ഉൾപ്പെടുന്ന ഏതൊരു രാഷ്ട്രീയ പരിഹാരത്തിലും ഉറച്ച ഉറപ്പുകളും വൻതുക നഷ്ടപരിഹാരവും നൽകണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം നൽകണം, ലംഘനങ്ങൾ അവസാനിപ്പിക്കണം
"അറബ് ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം" എന്ന് വിശേഷിപ്പിക്കപ്പെട്ട നിലവിലെ സാഹചര്യത്തെ അഭിസംബോധന ചെയ്യുന്ന ഏതൊരു പരിഹാരത്തിലും ഭാവിയിലെ ലംഘനങ്ങൾ തടയുന്നതിനും ആക്രമണരഹിത തത്വം ഉയർത്തിപ്പിടിക്കുന്നതിനുമുള്ള വ്യക്തമായ സുരക്ഷാ മാർഗങ്ങൾ ഉൾപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ട പ്രസ്താവനയിൽ ഗർഗാഷ് ചൂണ്ടിക്കാട്ടി.
സാധാരണക്കാരെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾക്ക് ഇറാൻ അർഹമായ നഷ്ടപരിഹാരം നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
യുദ്ധത്തിന് മുൻപ് ഇറാൻ അവരുടെ അയൽക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലും അദ്ദേഹം നടത്തി. "യുദ്ധത്തിന് മുമ്പ് ഇറാൻ അയൽക്കാരെ അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചു, അത് ഒഴിവാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടും മുൻകൂട്ടി നിശ്ചയിച്ച ആക്രമണം വെളിപ്പെടുത്തി" എന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളഉടെ സുരക്ഷയ്ക്കുള്ള പ്രാഥമിക ഭീഷണി എന്ന് അദ്ദേഹം വിശേഷിപ്പിച്ച സാഹചര്യത്തെ നേരിടുന്നതിന് ഈ നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28 ന് ഇറാനിയൻ ആക്രമണം ആരംഭിച്ചതിനുശേഷം, യുഎഇയിൽ ഇതുവരെ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് യുഎഇ സായുധ സേനാംഗങ്ങൾ തങ്ങളുടെ ദേശീയ കടമ നിർവഹിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. സായുധ സേനയുമായുള്ള കരാർ പ്രകാരം നിയമിക്കപ്പെട്ട ഒരു മൊറോക്കൻ സിവിലിയനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൂടാതെ പാകിസ്ഥാൻ, നേപ്പാളി, ബംഗ്ലാദേശി, ഫലസ്തീൻ, ഇന്ത്യൻ പൗരന്മാർക്കിടയിൽ മറ്റ് എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആക്രമണങ്ങളിൽ ചെറുതും ഗുരുതരവുമായ പരുക്കേറ്റ 178 പേർ ചികിത്സയിലാണ്. യുഎഇയുടെ അതിശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇതിനകം തന്നെ 414 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,914 ഡ്രോണുകളും തകർത്തു എന്നത് രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധതയെ വിളിച്ചോതുന്നു.
പരുക്കേറ്റവരിൽ യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, കൊമോറോസ്, തുർക്കിയെ, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർഡൻ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നു എന്നത് ആക്രമണത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്നതും ദേശീയ താൽപ്പര്യങ്ങളും കഴിവുകളും സംരക്ഷിക്കുന്നതുമായ രീതിയിൽ, രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിടുന്ന ഏതൊരു ഭീഷണിയെയും ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഏത് ഭീഷണിയെയും നേരിടാൻ യുഎഇ പൂർണ്ണമായും സജ്ജരാണെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
dr anwar gargash stated that iran should provide substantial compensation for attacks targeting gulf countries. the remarks come amid rising regional tensions, emphasizing accountability, stability, and the need for diplomatic measures to address security concerns and protect national interests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."