വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്
റാസൽഖൈമ: പ്രതികൂല കാലാവസ്ഥയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് റാസൽഖൈമ പൊലിസ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും ഇത് സുരക്ഷാ ഭീഷണിയാണെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.
രാജ്യത്തെ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളെ 'സെൻസിറ്റീവ് സൈറ്റുകൾ' ആയാണ് കണക്കാക്കുന്നത്. ഇത്തരം സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുന്നതോ വീഡിയോകൾ പകർത്തുന്നതോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതോ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മഴയുമായി ബന്ധപ്പെട്ട് പഴയ വീഡിയോകൾ പുതിയതെന്ന വ്യാജേന പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
രാജ്യത്തിന്റെ പോസിറ്റീവ് ഇമേജിനെ ബാധിക്കുന്ന തരത്തിലുള്ള വെള്ളക്കെട്ടുകളുടെയോ വെള്ളപ്പൊക്കത്തിന്റെയോ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൊലിസ് നിർദ്ദേശിച്ചു. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം, വേഗത്തിലുള്ള നടപടികൾക്കായി ബന്ധപ്പെട്ട അധികാരികളെ നേരിട്ട് വിവരമറിയിക്കുകയാണ് വേണ്ടത്.
പൊതുജനങ്ങൾ ശ്രദ്ധിക്കാൻ:
അണക്കെട്ടുകളുടെ ദൃശ്യങ്ങൾ പകർത്തുകയോ പങ്കുവെക്കുകയോ ചെയ്യരുത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.
മഴക്കെടുതികൾ ശ്രദ്ധയിൽപ്പെട്ടാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതെ അധികൃതരെ അറിയിക്കുക.
ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ ചാനലുകളെ മാത്രം ആശ്രയിക്കുക.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 999 എന്ന നമ്പറിലും, അടിയന്തരമല്ലാത്ത കാര്യങ്ങൾക്കായി 901 എന്ന നമ്പറിലും പൊലിസിനെ ബന്ധപ്പെടാം. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റാസൽഖൈമ പൊലിസ് വ്യക്തമാക്കി.
ras al khaimah police has issued strict guidelines banning the spread of fake videos and prohibiting filming at dam locations. authorities warn of legal action against violators, emphasizing public safety, misinformation control, and the protection of critical infrastructure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."