ബംഗാളിൽ രാമനവമിയുടെ മറവിൽ കലാപം; ആര്‍.എസ്.എസ് നേതാവടക്കം 30 പേര്‍ അറസ്റ്റില്‍
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ രാമനവമി ഘോഷയാത്രയുടെ മറവില്‍ മുസ്്ലിംസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ട കേസില്‍ ആര്‍.എസ്.എസ് നേതാവടക്കം 30 പേര്‍ അറസ്റ്റില്‍.
വെള്ളിയാഴ്ച ജംഗിപൂര്‍ സബ് ഡിവിഷനിലെ രഘുനാഥ്ഗഞ്ചില്‍ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതാവ് കിങ്ഷുക് ഭട്ടാചാര്യ, ഹിന്ദു ദേശീയവാദി നേതാവ് ബാബായ് ചക്രവര്‍ത്തി തുടങ്ങിയവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. അതേസമയം കേന്ദ്രസേന, ദ്രുതകര്‍മ സേന, ലോക്കല്‍ പൊലിസ് എന്നിവയെ വിന്യസിച്ചതോടെ പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി ഭരണകൂടം അറിയിച്ചു. പരുക്കേറ്റ നിരവധി പേര്‍ ജംഗിപൂര്‍ സബ് ഡിവിഷനല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാസേന പട്രോളിങ് തുടരുകയാണ്. വിവിധ ഹിന്ദുത്വ സംഘടനകളാണ് രാഷ്ട്രീയലക്ഷ്യത്തോടെ രാമനവമി ഘോഷയാത്ര സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വര്‍ഗീയ അസ്വസ്ഥതയ്ക്കിടയാക്കിയ സംഘര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന 'ഐ ലവ് മുഹമ്മദ്' എന്നതുള്‍പ്പെടെയുള്ള പോസ്റ്ററുകളും കൊടികളും ഘോഷയാത്രയ്ക്കിടെ ചിലര്‍ വലിച്ചുകീറി. മുസ്്ലിം സ്ഥാപനത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന പച്ചക്കൊടി വലിച്ചുമാറ്റി പകരം കാവിക്കൊടി നാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാലങ്ങളായി മതസൗഹാര്‍ദം നിലനില്‍ക്കുന്ന പ്രദേശത്ത് പുറത്തുനിന്നെത്തിയവരാണ് അക്രമം നടത്തിയതെന്ന് പ്രദേശവാസിയായ ബാരിയുല്‍ ഇസ്‌ലാം പറഞ്ഞു.
രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത ഘോഷയാത്ര പെട്ടെന്ന് അക്രമാസക്തമാവുകയും തന്നെ മര്‍ദിക്കുകയും കട അടിച്ചുതകര്‍ക്കുകയും ചെയ്തതായി ഒരു പഴക്കച്ചവടക്കാരന്‍ വ്യക്തമാക്കി. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കടകള്‍, ഭക്ഷണശാലകള്‍, ചെറുകിട സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് അക്രമവും കൊള്ളയും തീവയ്പും നടന്നതെന്ന് മറ്റൊരു വ്യാപാരി ആരോപിച്ചു.
പൊലിസിന്റെ സാന്നിധ്യത്തില്‍ പോലും അക്രമികള്‍ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചുവെന്നും അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ജംഗിപൂര്‍ നഗരസഭാ ചെയര്‍മാന്‍ മുഫീസുല്‍ ഇസ്‌ലാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."