ഇന്ദിരാ ഗ്യാരണ്ടി കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല വീടുകൾ കയറി ഉറപ്പുനൽകി കെ.സി
കൊച്ചി: കാഞ്ഞൂർ എസ്.എൻ.ഡി.പി ജങ്ഷനിലെ പടയാട്ടി സബി ചെറിയാന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായിട്ടാണ് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി എത്തിയത്.
ഒപ്പം ആലുവ മണ്ഡലത്തിൽ ഹാട്രിക് വിജയം കരസ്ഥമാക്കിയശേഷം നാലാം അങ്കത്തിനിറങ്ങിയിരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തും പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയും ഉണ്ട്. ഒപ്പംവന്ന പ്രാദേശിക നേതാക്കളെ പുറത്തുനിറുത്തി മൂവരും വീടിനകത്തേക്ക് കയറി. കെ.സിയെ സബിയും ഭാര്യ മഞ്ജുവും ചേർന്ന് വീട്ടിലേക്ക് സ്വീകരിച്ചു. എല്ലാ കുടുംബങ്ങൾക്കും 25,00,000 രൂപ വരെയുള്ള ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ, സാമൂഹ്യസുരക്ഷാ പെൻഷൻ മൂവായിരം രൂപയാക്കും തുടങ്ങിയ വാഗ്ദാനങ്ങളടങ്ങിയ ഇന്ദിരാ ഗ്യാരണ്ടിയുടെ ലഘുലേഖയുമായാണ് നേതാക്കളെത്തിയത്.
കെ.സി ഇന്ദിര ഗ്യാരണ്ടിയുടെ ലഘുലേഖ നൽകിക്കൊണ്ട് ഇരുവരോടും കാര്യങ്ങൾ വിശദീകരിച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യം നടപ്പാക്കുന്ന അഞ്ച് പദ്ധതികളാണ് ഇന്ദിരാ ഗ്യാരണ്ടികൾ. പദ്ധതികൾ കെ.സി വിശദീകരിച്ചപ്പോൾ ഗൃഹനാഥനായ സബി ചെറിയാന് ഇത് ഇന്നത്തെ സാഹചര്യത്തിൽ പ്രാവർത്തികമാക്കാൻ കഴിയുമോയെന്ന് സംശയം. ഇത് കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് നടപ്പാക്കിയ മോഡലുകളെന്ന് കെ.സി വിശദീകരിച്ചു.
തുടർന്ന് അൻവർ സാദത്തിനായി വോട്ടഭ്യർഥനയും നടത്തി തൊട്ടടുത്തുള്ള മോഹൻലാലിന്റെ വസതിയിലെത്തി. പിന്നീട് റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ പടയാട്ട് പി.പി ദേവസ്യയുടെ വീടും സന്ദർശിച്ചു. മുതിർന്ന പൗരന്മാർക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന വാഗ്ദാനത്തിൽ നിന്നായിരുന്നു തുടക്കം. പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോട് ഇന്ദിരാ ഗ്യാരണ്ടി സംബന്ധിച്ച് വിശദീകരിച്ച് സർക്കാരിനെതിരേ രൂക്ഷവിമർശനവും നടത്തി.
സർക്കാർ ഖജനാവ് കാലിയായിരിക്കെ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന ചോദ്യം ഉയർന്നപ്പോൾ യു.ഡി.എഫ് കൃത്യമായ ഗൃഹപാഠം ചെയ്തിട്ടാണ് ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നതെന്നായിരുന്നു മറുപടി. അഞ്ചിന ഗ്യാരണ്ടികൾ കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അല്ലെന്നും യു.ഡി.എഫ് ജനങ്ങൾക്ക് നൽകുന്ന ഗ്യാരണ്ടി ആണെന്നും പറഞ്ഞു. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെ തിരക്കുകൾക്ക് അവധി നൽകി ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു കെ.സി കൊച്ചിയിലെത്തിയത്. ഇന്നത്തെ ഇടുക്കിയിലെ പരിപാടികൾക്ക് ശേഷം രാഹുൽ ഗാന്ധിയുടെ പരിപാടികളുടെ ക്രമീകരണങ്ങൾ വിലയിരുത്താൻ അടൂരിലെത്തണം. അൻവർ സാദത്തിന് വിജയാഭിവാദ്യങ്ങൾ നേർന്നുകൊണ്ട് പ്രവർത്തകരോട് വിടപറഞ്ഞ് കാറിൽ കയറി. ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന പ്രാദേശിക നേതാക്കളുടെ അഭ്യർഥന സ്‌നേഹപൂർവം നിരസിച്ച് ഇടുക്കിയിലെ രാജകുമാരിലെത്തി.
അടിമാലിയിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചശേഷമായിരുന്നു യാത്ര. 3.30 ന് ഉടുമ്പൻചോല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി സേനാപതി വേണുവിന്റെ പ്രചാരണസമ്മേളന നഗരിയിലെത്തി. സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി അരമണിക്കൂർ പ്രസംഗിച്ചു. പിന്നീട് ദേവികുളത്ത് എഫ്. രാജ, തൊടുപുഴയിൽ അപുജോൺ ജോസഫ് എന്നിവർക്ക് വോട്ട് അഭ്യർഥിച്ചുള്ള പരിപാടികളിൽ പങ്കെടുത്തശേഷം എട്ടുമണിയോടെ കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ വീട്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."