ഉത്സവത്തിനിടെയുണ്ടായ തര്‍ക്കം: കൊല്ലത്ത് 19കാരനെ കുത്തിക്കൊലപ്പെടുത്തി; അഞ്ചുപേര്‍ പിടിയില്‍
കൊല്ലം: ഉത്സവത്തിനിടെയുണ്ടായ നിസ്സാര തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂര്‍ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന്‍ അമ്പാടി (തേജസ് -19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിഴവൂര്‍ സ്വദേശികളായ ടുട്ടു എന്ന ആദിത്യന്‍ (19), വിനു (26), പ്രിജിത്, ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ അഖില്‍രാജ് (29) എന്നിവരെയും കണ്ടാലറിയാവുന്ന രണ്ട് പ്രായപൂര്‍ത്തിയാകാത്ത യുവാക്കളെയും കൊട്ടിയം പൊലിസ് പിടികൂടി.
ശനിയാഴ്ച രാത്രി 8.30ഓടെ മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കെട്ടുകാഴ്ചയുടെ ഭാഗമായുള്ള ഫ്‌ളോട്ടിന് മുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ തേജസ് അബദ്ധത്തില്‍ പ്രതികളുടെ കാലില്‍ ചവിട്ടിയതാണ് അക്രമത്തിന് കാരണമായത്. ഇതില്‍ പ്രകോപിതരായ സംഘം തേജസിനെ വളഞ്ഞിട്ട് മര്‍ദിക്കുകയും ഒന്നാം പ്രതി ആദിത്യന്‍ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് വയറ്റിലും ഇടുപ്പിലും മൂന്നുതവണ കുത്തുകയുമായിരുന്നു.
ആക്രമണത്തിനിടെ പ്രായപൂര്‍ത്തിയാവാത്ത പ്രതികളിലൊരാള്‍ തേജസിനെ പിടിച്ചുമാറാന്‍ കഴിയാത്തവിധം തടഞ്ഞു വച്ചു. ഫ്‌ളോട്ടിലെ ഉച്ചത്തിലുള്ള സംഗീതവും വര്‍ണ്ണവിളക്കുകളും കാരണം തേജസ് കുത്തേറ്റു വീണത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. നൃത്തത്തിനിടെ തളര്‍ന്നു വീണതാണെന്നു കരുതിയാണ് ആദ്യം മറ്റുള്ളവര്‍ തേജസിനെ റോഡരികിലേക്ക് മാറ്റിക്കിടത്തിയത്.
പിന്നീട് സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് തേജസിനെ ഉടന്‍ തന്നെ പാലത്തറ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഞായറാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് വെളിച്ചിക്കാലയിലുള്ള അഖില്‍രാജിന്റെ വീട്ടില്‍ നിന്ന് ചാത്തന്നൂര്‍ എ.സി.പി അനുരൂപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പ്രതികളെ ജുവനൈല്‍ കോടതിയിലും മറ്റുള്ളവരെ മജിസ്‌ട്രേറ്റിന് മുന്നിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
A 19-year-old youth was stabbed to death by a five-member gang in Kollam following a minor dispute over stepping on someone's foot during a temple festival procession.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."