മിഠായിപ്പൊതി മോഷ്ടിച്ചെന്ന പരാതി; 12 വയസ്സുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു
ബുലന്ദ്ഷഹര്‍: പലചരക്ക് കടയിൽ നിന്ന് മിഠായിപ്പൊതി മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് പന്ത്രണ്ട് വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ചുകൊന്നു. ഉത്തർപ്രദേശിലെ രത്തൻപുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പുഷ്പേന്ദ്ര എന്ന പപ്പുശർമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു.
ക്രൂരതയ്ക്ക് പിന്നിൽ നിസ്സാര കാരണം
മകൾ കടയിൽ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചുവെന്ന് കടയുടമ പുഷ്പേന്ദ്രയോട് പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ വീട്ടിലെത്തിയ ശേഷം മകളെ വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. മർദ്ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അമ്മയുടെ പരാതിയിൽ അറസ്റ്റ്
മാർച്ച് 27-നാണ് കുട്ടിയുടെ അമ്മയായ ആരതി പൊലിസിൽ പരാതി നൽകിയത്. ഭർത്താവ് മകളെ വടികൊണ്ട് മർദ്ദിച്ചതായും മർദ്ദനത്തെത്തുടർന്ന് കുട്ടി മരിച്ചതായും അവർ മൊഴി നൽകി.പരാതി ലഭിച്ച ഉടൻ തന്നെ നരോറ പൊലിസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി പൊലിസ് കണ്ടെടുത്തിട്ടുണ്ട്.നരോറ പൊലിസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഗംഗാ പ്രസാദ് ആര്യയുടെ നേതൃത്വത്തിൽ കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.നിസ്സാരമായ ഒരു കാര്യത്തിന്റെ പേരിൽ സ്വന്തം മകളെ പിതാവ് തല്ലിക്കൊന്നത് ഗ്രാമവാസികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."