സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ്
ന്യൂഡല്‍ഹി: കോടതികള്‍ക്കും സ്‌കൂളുകള്‍ക്കും നിരന്തരം ബോംബ് ഭീഷണി ഇമെയിലുകള്‍ അയച്ച സംഭവത്തില്‍ കര്‍ണാടക മൈസൂരു സ്വദേശി അറസ്റ്റില്‍. രാജ്യത്തെ ആശങ്കയിലാക്കിയ കേസില്‍ മൈസൂരു വൃന്ദാവന്‍ ലേഔട്ടിലെ ശ്രീനിവാസ് ലൂയിസി(47)നെയാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച നടത്തിയ റെയ്ഡിനിടെ വൃന്ദാവന്‍ ലേഔട്ടിലെ വീട്ടില്‍ നിന്നാണ് ഇയാലെ ഡല്‍ഹി പൊലിസ് സംഘം പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും പൊലിസ് പിടിച്ചെടുത്തു.
ലൂയിസ് ഉന്നത വിദ്യാഭ്യാസം നേടിയ ആളാണെന്ന് പൊലിസ് പറഞ്ഞു. ബിരുദാനന്തര ബിരുദമടക്കം നേടിയിട്ടുണ്ടെങ്കിലും നിലവില്‍ ഇയാള്‍ തൊഴില്‍രഹിതനാണ്. ഇതേതുടര്‍ന്നുള്ള മാനസികപ്രശ്‌നങ്ങള്‍ ഇയാള്‍ക്കുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിരമിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ അമ്മയോടൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്.
നിയമപഠനം നടത്തിയിട്ടുണ്ട്. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അക്കാദമിക് പശ്ചാത്തലത്തിലുള്ള നിരാശയാണ് കോടതികളെ ലക്ഷ്യം വച്ചതിന് പിന്നിലെ ഒരു കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
''കോടതി നടപടികള്‍ സ്തംഭിപ്പിക്കാന്‍ ഇയാള്‍ ലക്ഷ്യമിട്ടിരുന്നു എന്നാണ് കരുതുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡല്‍ഹി ഹൈക്കോടതിയിലേക്കും ജില്ലാ കോടതികളിലേക്കും അദ്ദേഹം നിരവധി ഇമെയിലുകള്‍ അയച്ചിട്ടുണ്ട്,'' പൊലിസ് പറഞ്ഞു.
പ്രതി രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് 1,000-ത്തിലധികം ഇമെയിലുകള്‍ അയച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഡല്‍ഹി ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതികളിലേക്കും തലസ്ഥാനത്തെ നിരവധി ജില്ലാ കോടതികളിലേക്കും ആയിരുന്നു.
ഡല്‍ഹിയിലെ സ്‌കൂളുകളിലേക്ക് സമാനമായ ഭീഷണി ഇമെയിലുകള്‍ ഇയാള്‍ അയച്ചിട്ടുണ്ടോ എന്നും പൊലിസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, 500-ലധികം സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ 50-ലധികം ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. വ്യാജ ഭീഷണികള്‍ ഉള്‍പ്പെട്ട നിരവധി കേസുകള്‍ തെളിയിക്കാന്‍ ഈ അറസ്റ്റ് സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. ലൂയിസ് ഇമെയിലുകള്‍ അയക്കുമ്പോള്‍ തന്റെ ഐഡന്റിറ്റി മറയ്ക്കാന്‍ ഒരു വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (VPN) ഉപയോഗിച്ചതായും സംശയിക്കുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.
സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി പരിസരത്ത് മൂന്ന് സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ബോംബ് ഭീഷണി ഇമെയില്‍ ലഭിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
police arrest mysuru native srinivas for issuing repeated bomb threats to schools and courts officials say he has mental health issues investigation continues
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."