ബിജെപിയില്‍ കടുത്ത ജാതി വിവേചനവും, അവഗണനയും; ഗുരുതര ആരോപണവുമായി വനിത നേതാവ്
കോഴിക്കോട്: ബിജെപിയില്‍ കടുത്ത ജാതിവിവേചനം നേരിടുന്നതായി മുതിര്‍ന്ന നേതാവ് പ്രഫ. ടിഎന്‍ സരസു. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഇവര്‍. തെരഞ്ഞെടുപ്പിന് ശേഷം ഒരു പാര്‍ട്ടി പരിപാടിയിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും, ഇതിന് പിന്നില്‍ ജാതി വിവേചനമാണെന്നും അവര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങേണ്ടെന്ന് ബിജെപി നേതൃത്വം നിഷ്‌കര്‍ഷിച്ചതായാണ് സരസു ആരോപിക്കുന്നത്. പ്രചരണത്തിന് വരട്ടേയെന്ന് പലരോടും അങ്ങോട്ട് ആവശ്യപ്പെട്ടെങ്കിലും വേണ്ട എന്നാണ് മറുപടി കിട്ടിയതെന്ന് അവര്‍ പറയുന്നു. പത്മജ വേണുഗോപാലിന്റെ പ്രചരണത്തിന് ഒരു ദിവസമെങ്കിലും വരണമെന്ന് ആഗ്രഹമുള്ളതായി ജില്ല പ്രസിഡന്റിനോട് ആവശ്യപ്പെട്ടെങ്കിലും ചോദിച്ചിട്ട് പറയാമെന്നാണ് മറുപടി കിട്ടിയത്. ആരോടാണ് ചോദിക്കാനുള്ളതെന്നും, 2024 തെരഞ്ഞെടുപ്പിന് ശേഷം ഒന്നോ, രണ്ടോ പരിപാടികള്‍ക്കല്ലാതെ ഒന്നിനും അവര്‍ ക്ഷണിച്ചിട്ടില്ലെന്നും സരസു ആരോപിച്ചു.
' ഒരു പാര്‍ട്ടിക്കാര്‍ക്കും ഇവിടുത്തെ താണ ജാതിക്കാരെ പ്രത്യേകിച്ച് എസ്.സി, എസ്.ടിക്കാരെ ആവശ്യമില്ല. രണ്ട് കാര്യങ്ങള്‍ക്കൊഴികെ, ഒന്ന് വോട്ട് ചെയ്യാനാണ്. അവരുടെ വോട്ടില്ലാതെ ജയിക്കാനാവില്ലല്ലോ? രണ്ടാമത്തേത് ഏതെങ്കിലും സംവരണ സീറ്റില്‍ നിര്‍ത്താന്‍ ഒരു സ്ഥാനാര്‍ഥി വേണം. അവിടെ വേറെ ആളുകളെ നിര്‍ത്താന്‍ പറ്റില്ല. ഈ രണ്ടു കാര്യങ്ങള്‍ക്കാണ് എസ്.സി, എസ്.ടി ആയിട്ടുള്ള ആളുകളെ ഏതു പാര്‍ട്ടിക്കാര്‍ക്കും ആവശ്യമുള്ളത്,' അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ താന്‍ ഇതുവരെ ഒരാളെക്കുറിച്ചും ഒരു കുറ്റവും പറഞ്ഞിട്ടില്ലെന്നും, എന്നിട്ടും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണം ജാതി വിവേചനമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായിരിക്കെ വിരമിക്കല്‍ ദിനത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രതീക്തമാക ശവകുടീരം നിര്‍മിച്ചത് വന്‍ വിവാദമായിരുന്നു. പിന്നീട് 2016ലാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."