ഫോട്ടോഷൂട്ടിനായി പിങ്ക് നിറമടിച്ചതിന് പിന്നാലെ ആന ചരിഞ്ഞു; ഉടമയ്ക്കും ഫോട്ടോഗ്രാഫർക്കുമെതിരെ വ്യാപക പ്രതിഷേധം
ജയ്പൂർ: സോഷ്യൽ മീഡിയയിൽ വൈറലായ 'പിങ്ക് ആന' ചരിഞ്ഞു. രാജസ്ഥാനിലെ ജയ്പൂരിൽ റഷ്യൻ ഫോട്ടോഗ്രാഫർ നടത്തിയ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത 'ചഞ്ചൽ' എന്ന 65 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനയുടെ ദേഹത്ത് പിങ്ക് നിറം പൂശിയത് വലിയ ക്രൂരതയാണെന്ന വിമർശനം നിലനിൽക്കെയാണ് ആനയുടെ വിയോഗം.
റഷ്യൻ ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവ പകർത്തിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജയ്പൂർ നഗരത്തിന്റെ നിറമായ പിങ്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആനയ്ക്ക് നിറം നൽകിയതെന്നായിരുന്നു ഫോട്ടോഗ്രാഫറുടെ വാദം. എന്നാൽ, വിനോദസഞ്ചാരത്തിനും ഫോട്ടോഷൂട്ടുകൾക്കുമായി ആനകളെ ഉപയോഗിക്കുന്നത് അവയ്ക്ക് കടുത്ത മാനസിക-ശാരീരിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് മൃഗസംരക്ഷണ സംഘടനയായ 'പെറ്റ ഇന്ത്യ' (PETA) പ്രതികരിച്ചു.
വിശദീകരണവുമായി ഉടമ
ആന ചരിഞ്ഞതും ഫോട്ടോഷൂട്ടും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഉടമ സാദിഖ് ഖാനും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. വാർദ്ധക്യസഹജമായ കാരണങ്ങളാലാണ് ആന ചരിഞ്ഞതെന്നാണ് ഇവരുടെ വിശദീകരണം. ഹോളി ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നതും അപകടകരമല്ലാത്തതുമായ 'ഗുലാൽ' പൊടിയാണ് ഉപയോഗിച്ചത്. അതേസമയം ഫോട്ടോഷൂട്ട് വെറും 10 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത് എന്നും ഉടമ പറഞ്ഞു. ഒരു വശത്ത് മാത്രം പൂശിയ നിറം ഫോട്ടോഷൂട്ടിന് ശേഷം ഉടൻ തന്നെ കഴുകിക്കളഞ്ഞിരുന്നുവെന്നും ഉടമ അറിയിച്ചു
സംഭവം വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആനയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നുമാണ് ഔദ്യോഗിക നിലപാട്. എങ്കിലും, മിണ്ടാപ്രാണികളെ ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."