വോട്ട് ചെയ്യൂ, പുട്ടടിക്കൂ; ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടിയുമായി സപ്ലൈകോ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർക്കായി വമ്പൻ ഓഫറുമായി സപ്ലൈകോ രംഗത്ത്. ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 'വോട്ട് ചെയ്യൂ, പുട്ടടിക്കൂ' എന്ന പേരിൽ വേറിട്ടൊരു കാമ്പയിനാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ പങ്കാളികളാകുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി സ്വന്തമാക്കാം.
ഓഫർ ലഭിക്കുന്നത് എങ്ങനെ?
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, സ്വീപ് (SVEEP), സപ്ലൈകോ എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ പരിശോധനയ്ക്ക് വിധേയമാക്കണം.
സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുക.
"ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പൗരന്മാരെ കൂടുതൽ സജീവമായി പങ്കെടുപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വോട്ട് ചെയ്യുന്നതിനൊപ്പം ജനങ്ങൾക്ക് ആശ്വാസകരമായ ഒരു സമ്മാനം കൂടി നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.
സമ്മതിദാനാവകാശം വിനിയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ വലിയ മാറ്റമുണ്ടാക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. വോട്ടെടുപ്പ് കഴിഞ്ഞ് അടുത്ത രണ്ട് ദിവസങ്ങളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ വൻ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത്.
As part of a unique initiative to encourage civic participation, Supplyco has announced a special offer where citizens can purchase one kilogram of puttu powder for just one rupee.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."