അന്തര്‍ സംസ്ഥാന ട്രക്കിങ് സമാപിച്ചു
തൊടുപുഴ: തമിഴ്‌നാട് വനംവകുപ്പിന്റെ സഹകരണത്തോടെ ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച അരുവിക്കുഴി വെള്ളച്ചാട്ടം-രാമക്കല്‍മേട് അന്തര്‍ സംസ്ഥാന ട്രക്കിങ് സമാപിച്ചു. അണക്കര ജൂനിയര്‍ ചേമ്പര്‍ പ്രസിഡന്റ് ഡേവിസ് തോമസ് യാത്രാപരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സാബു വയലില്‍, രമേശ്കുമാര്‍, സാബു കുറ്റിപ്പാലയ്ക്കല്‍, ജോളി ജോര്‍ജ്, റജി നവഭാവന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
5000 ലേറെ പാമ്പുകളെ പിടിച്ച് മികവ് തെളിയിച്ച കെ.എ അബീഷിനെ യോഗത്തില്‍ ആദരിച്ചു. സന്തോഷ് തേക്കടി സ്വാഗതവും ബോണി മാത്യു നന്ദിയും പറഞ്ഞു. തമിഴ്‌നാട് കമ്പം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സുരേഷ്‌കുമാര്‍ യാത്രാസംഘത്തെ ചെല്ലാര്‍കോവില്‍ മെട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരോടൊപ്പം സംഘം അരുവിക്കുഴി വെള്ളച്ചാട്ടം വഴി പശ്ചിമഘട്ടത്തിന്റെ കിഴക്കെ ചെരുവിലൂടെ തമിഴ് നാട്ടിലെക്കിറങ്ങി, കപ്പലണ്ടി പാടങ്ങളും മുന്തിരിതോപ്പുകളും പൂപ്പാടങ്ങളും കണ്ട് ആദ്യദിനം കോമ്പൈ ഗ്രാമത്തില്‍ താമസിച്ചു.
രണ്ടാം ദിവസം കോമ്പൈലെ ജഗന്നാഥ ക്ഷേത്ര പരിസരത്തു നിന്നും ഉത്തമപാളയം റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരോടൊപ്പം സംഘം യാത്ര ആരംഭിച്ചു. കുത്തനെയുള്ള മലമേടുകളും കല്ലും മുള്ളും താണ്ടി ഉച്ചയോടെ രാമക്കന്‍മേട്ടിലെത്തിയപ്പോള്‍ കനത്ത കാറ്റ് സംഘാംഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് നല്കി. കുറവനും കുറത്തിയും, കാറ്റാടിപാടങ്ങളും രാമക്കല്‍പാറയുമൊക്കെ കണ്ട് യാത്ര പര്യവസാനിച്ചു. പാളയം ഫോറസ്റ്റ് ഓഫിസര്‍ പനീര്‍ശെല്‍വം സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."