മരണക്കയത്തിൽ 36 മണിക്കൂർ, ചുറ്റും കടൽ മാത്രം; അസം സ്വദേശിക്ക് രണ്ടാം ജന്മം നൽകി കോസ്റ്റ് ഗാർഡ്
കൊച്ചി: അവസാന പ്രതീക്ഷയും മങ്ങിയ നിമിഷങ്ങള്‍... ചുറ്റും കര കാണാത്ത കടല്‍.. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലുമില്ല... ജീവന്‍ അക്ഷരാർഥത്തിൽ കൈയില്‍പിടിച്ച് രഞ്ജുമണി കടലില്‍ തുഴഞ്ഞുനിന്നത് 36 മണിക്കൂറുകള്‍. ഒടുവിൽ തിരഞ്ഞെത്തിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിൽനിന്ന് എറിഞ്ഞു നൽകിയ വടത്തിൽ പിടിച്ച് അസം സ്വദേശിയായ ആ 40 കാരൻ തിരികെ കയറിയത് ജീവിതത്തിലേക്ക്.
മാര്‍ച്ച് 30ാം തീയതി രാത്രി 'സിയോണ്‍' എന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള യന്ത്രവല്‍ക്കൃത മത്സ്യബന്ധന വള്ളത്തില്‍ നിന്ന് കടലിൽവീണ് കാണാതായ രഞ്ജുമണി സോനോവാളിനെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 36 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള സംഘം മത്സ്യബന്ധനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്.
രഞ്ജുമണി കടലിൽ വീണത് ഒപ്പമുള്ളവരും അദ്യം അറിഞ്ഞില്ല. പിന്നീട് ഇയാൾ വള്ളത്തിലില്ലെന്ന വിവരം അറിഞ്ഞ് കൂടെയുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും വിഫലമായിരുന്നു. തുടർന്നാണ് മത്സ്യത്തൊഴിലാളിയെ കാണാതായെന്ന വിവരം മുംബൈയിലെയും കൊച്ചിയിലെയും മാരിടൈം റെസ്ക്യു സെൻ്ററുകൾക്ക് ലഭിച്ചതും കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചതും.
ഒടുവില്‍ കോസ്റ്റ് ഗാര്‍ഡ് കപ്പൽ അര്‍ണ്‌വേശ് രഞ്ജുമണിയെ കണ്ടെത്തുമ്പോള്‍ കൊച്ചി തീരത്ത് നിന്ന് ഏകദേശം 27 നോട്ടിക്കൽ മൈൽ അകലെയായി കടലില്‍ ഒഴുകുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഏകദേശം 36 മണിക്കൂറോളം കടലില്‍ അകപ്പെട്ടതിനാല്‍, നിര്‍ജലീകരണവും ഹൈപ്പോതെര്‍മിയയും (അതിശൈത്യം കാരണം ശരീരതാപനില അപകടകരമായി കുറയുന്ന അവസ്ഥ) ബാധിച്ച നിലയിലായിരുന്നു.
രഞ്ജുമണിയെ കാണാതായ വിവരം അറിഞ്ഞ ഉടൻ പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ അര്‍ണ്‌വേശ് സംഭവസ്ഥലത്തേക്ക് തിരിച്ചു. കോസ്റ്റ് ഗാര്‍ഡിൻ്റെ ഡോണിയർ വിമാനവും തിരച്ചിലിനെത്തിയിരുന്നു. ഒടുവിൽ, ഇന്നലെ രാവിലെ 11.45ഓടെയാണ് കോസ്റ്റ് ഗാർഡ് കപ്പൽ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയതും രക്ഷപ്പെടുത്തിയതും. നിര്‍ജ്ജലീകരണവും ഹൈപ്പോതെര്‍മിയയും കാരണം തീർത്തും അവശനായിരുന്ന ഇയാൾക്ക് കപ്പലിലിൽ വച്ച് പ്രഥമശുശ്രൂഷ നല്‍കി. കരയിലെത്തിച്ച ശേഷം കോസ്റ്റൽ പൊലിസിന് കൈമാറിയ രഞ്ജുമണിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ കാണിക്കാത്തതിനാൽ ബോട്ടിൻ്റെ സ്രാങ്കിനൊപ്പം പിന്നീട് വിട്ടയക്കുകയും ചെയ്തു.
കടലിലും ആകാശത്തുമായി കോസ്റ്റ് ഗാർഡ് നടത്തിയ ഏകോപിത ശ്രമങ്ങൾ കാരണമാണ് ഒരു ജീവന്‍ രക്ഷിക്കാനായതെന്ന് ഡിഫൻസ് പി.ആർ.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."