നഗരമധ്യത്തിലെ കവര്‍ച്ച തൊടുപുഴയെ നടുക്കി
തൊടുപുഴ: നഗരമധ്യത്തില്‍ വീടിനുള്ളില്‍ പെട്രോള്‍ ബങ്ക് ഉടമ കൃഷ്ണവിലാസത്തില്‍ കെ ബാലചന്ദ്രന്റെനേയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് 1.70 ലക്ഷം രൂപയും അഞ്ചര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന സംഭവം അക്ഷരാര്‍ത്ഥത്തില്‍ തൊടുപുഴയെ നടുക്കി.
കവര്‍ച്ചാസംഘം ലക്ഷ്യമിട്ടത് പ്രധാനമായും പെട്രോള്‍ ബങ്കിലെ കലക്ഷന്‍ തുകയായിരുന്നുവെന്നാണ് നിഗമനം. ദിവസേനയുള്ള കലക്ഷന്‍ തുക പലപ്പോഴും വീട്ടിലേക്ക് കൊണ്ടു വരാറുണ്ട്. ചില ദിവസങ്ങളില്‍ ബാങ്കിലെ കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിക്കാറുമാണ് പതിവ്.
പിടികൂടി ബന്ധിച്ച ശേഷം 'പൊതി' എടുക്കാനാണ് ആവശ്യപ്പെട്ടത്. വീട്ടില്‍ പണം കാണുമെന്ന ഊഹത്തിലായിരിക്കാം കവര്‍ച്ചക്കാര്‍ എത്തിയത്. വീട്ടിലേക്ക് പണം പൊതിഞ്ഞാണ് കൊണ്ടുവരാറുള്ളത്. ഇത് മനസിലാക്കിയിട്ടാകാം പണപ്പൊതി ആവശ്യപ്പെട്ടത്. തൊടുപുഴ പുഴയോരത്ത് റോഡ് അവസാനിക്കുന്നിടത്താണ് കവര്‍ച്ച നടന്ന വീട് സ്ഥിതി ചെയ്യുന്നത്.
ഇതിന് എതിര്‍ഭാഗത്താണ് മറുനാടന്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന ടൈല്‍ നിര്‍മ്മാണകേന്ദ്രം. ഇവിടെ ചില തൊഴിലാളികള്‍ താമസിക്കുന്നുമുണ്ട്.
കവര്‍ച്ച നടന്ന വീടിന് സമീപം വേറെയും വീടുകള്‍ ഉണ്ടെങ്കിലും തൊട്ടുചേര്‍ന്ന വീട്ടില്‍ ആള്‍ താമസമില്ലായിരുന്നു. ടൈല്‍ നിര്‍മ്മാണകേന്ദ്രത്തിന്റെ ഉടമ രാമചന്ദ്രന്‍ സിംഗപ്പൂരില്‍ മക്കളുടെ അടുത്ത് പോയിരുന്നതിനാല്‍ മറുനാടന്‍ തൊഴിലാളികളുടെ കേന്ദ്രത്തില്‍ എന്തുനടന്നാലും അറിയാന്‍ കഴിയുമായിരുന്നില്ല.
ഇവിടെ പലപ്പോഴും തൊഴിലാളികള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും പറയുന്നുണ്ട്. കവര്‍ച്ചയ്ക്ക് പിന്നാലെ പൊലിസെത്തി ഇവിടെ വ്യാപക പരിശോധന നടത്തി. മുഴുവന്‍ പേരെയും ചോദ്യം ചെയ്തു. ഇതിനിടെയാണ് ചില സൂചനകള്‍ ലഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഇവിടെയെത്തിയ രമേശ് രണ്ടുദിവസം താമസിച്ച ശേഷമാണ് മടങ്ങിയതെന്നാണ് സൂചന. വാതില്‍ തുറക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്ന ജഹാംഗീര്‍ എട്ടു വര്‍ഷമായി കുമാരമംഗലത്ത് ടയര്‍ റീട്രെഡ് സ്ഥാപനത്തിലെ തൊഴിലാളിയാണ്.
തൊഴിലാളികളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം ലഭിച്ചത്.
തുടര്‍ന്ന് പ്രതികള്‍ രക്ഷപെടാന്‍ സാധ്യതയുള്ള മേഖലകളിലെ സ്‌റ്റേഷനുകളിലേയ്ക്ക് വാട്‌സ്ആപ് സന്ദേശമായി പൊലിസ് അയച്ചു. അങ്ങനെയാണ് ഒലവക്കോട് വെച്ച് റെയില്‍വെ സംരക്ഷണസേന പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയത്.
ഇതിനിടെ കവര്‍ച്ചക്കാര്‍ തൊടുപുഴയില്‍ നിന്ന് രക്ഷപെട്ടത് ഓട്ടോറിക്ഷയിലാണെന്നാണ് സംശയം.
മുവാറ്റുപുഴയില്‍ നിന്ന് ബസില്‍ ആലുവയില്‍ എത്തിയ ശേഷം ടാക്‌സി വിളിക്കാന്‍ ശ്രമിച്ചതായി പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്.
സംശയത്തെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ ഓട്ടത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ധന്‍ബാദ് ടെയിനില്‍ കയറി യാത്ര തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."