ദുബൈയില്‍ തൊഴിലാളികള്‍ക്ക് പെരുന്നാളാഘോഷം
ദുബൈ: ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരം ദുബൈയിലെ തൊഴിലാളികള്‍ക്കായി വര്‍ഷംതോറും നാലു വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ (ജിഡിആര്‍എഫ്എഡി) അറിയിച്ചു. ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ, ലോക തൊഴിലാളി ദിനം, പുതുവത്സര ദിനം എന്നിവയോടനുബന്ധിച്ചാണ് ബ്‌ളൂ കോളര്‍ തൊഴിലാളികള്‍ക്കായി പ്രത്യേക ആഘോഷങ്ങള്‍ ഒരുക്കുകയെന്ന് ഡയറക്ടര്‍ ജനറല്‍ ലെഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുഎഇയും ദുബൈ എമിറേറ്റും കൈവരിച്ച വന്‍ പുരോഗതിയിലും വികസനത്തിലും തൊഴിലാളി സമൂഹം നല്‍കിയ മഹത്തായ സംഭാവനകളെ അംഗീകരിക്കാനാണ് ആഘോഷങ്ങള്‍.
ഈ വര്‍ഷത്തെ ഈദാഘോഷങ്ങള്‍ ഏപ്രില്‍ 7 മുതല്‍ 12 വരെയാണ് ദുബൈയില്‍ നടക്കുക. 'വി സെലിബ്രേറ്റ് ഈദ് റ്റുഗെദര്‍' എന്ന പേരില്‍ ജബല്‍ അലി, അല്‍ ഖൂസ്, മുഹയ്‌സ്‌ന എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടക്കുക. സംഗീത, കലാ, കായിക പ്രകടനങ്ങള്‍ ഉള്‍പ്പെടെ അനേകം പരിപാടികള്‍ അരങ്ങേറും. 3 സെഡാന്‍ കാറുകള്‍, 300 സ്വര്‍ണ നാണയങ്ങള്‍, 150 സ്മാര്‍ട് ഫോണുകള്‍, ഡിസ്‌കൗണ്ട് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ അനേകം സമ്മാനങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും.
വികസനത്തിനും പുരോഗതിക്കും സംഭാവന നല്‍കുന്ന സുപ്രധാന ഘടകമാണ് മാനവ വിഭവ ശേഷിയെന്നതിനാല്‍, ഏതൊരു സ്ഥാപനത്തിന്റെയും സമൂഹത്തിന്റെയും വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ഈ ആഘോഷങ്ങളിലൂടെ ആദരിക്കപ്പെടുന്നതെന്ന് ലെഫ്.ജനറല്‍ അല്‍ മര്‍റി വ്യക്തമാക്കി.
ദുബൈ ലാന്‍ഡ് ഡിപാര്‍ട്‌മെന്റാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഗ്രാന്‍ഡ് ഹൈപര്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, ആസ്റ്റര്‍, ശോഭ റിയാല്‍റ്റി, എല്ലിംഗ്ടണ്‍ പ്രോപര്‍ടീസ്, തഖ്ദീര്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പിന്തുണക്കുന്നു. തദ്ദേശ ഭക്ഷ്യവസ്തുക്കള്‍, കരകൗശല ഉല്‍പന്നങ്ങള്‍, തൊഴിലാളികള്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ലേബര്‍ മാര്‍ക്കറ്റും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും. കൂടാതെ, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ എന്നിവയടക്കം കായിക സൗഹൃദ മത്സരവും നടക്കുന്നതാണ്. തൊഴിലാളികളുടെ അറിവ് വര്‍ധിപ്പിക്കാനും മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ പകരാനുമായി ചോദ്യോത്തര സെഷനുകളും ഉണ്ടാകും.
നിസ്സാന്‍ സണ്ണി കാറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് നല്‍കുന്ന സ്വര്‍ണ നാണയങ്ങള്‍ക്കും പുറമെ, എമിറേറ്റ്‌സ് എയര്‍ലൈന്റെ ടിക്കറ്റുകളും തഖ്ദീര്‍ അവാര്‍ഡില്‍ നിന്നുള്ള 600 പ്രത്യേക ഡിസ്‌കൗണ്ട് കാര്‍ഡുകളും സമ്മാനങ്ങളിലുള്‍പ്പെടുന്നു.
ദുബൈയിലെ ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ തൊഴിലാളികളെ അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ്. ഐക്യബോധവും സാമൂഹികാവേശവും വളര്‍ത്തിയെടുക്കുന്നതിനൊപ്പം, തൊഴിലാളികളുടെ കഴിവുകളും സംഭാവനകളും പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയായി ഈ പരിപാടി മാറുമെന്ന് ജിഡിആര്‍എഫ്എഡി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു.
ദുബൈ ലാന്‍ഡ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ എഞ്ചി.മര്‍വാന്‍ ബിന്‍ ഗലീത്തയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."