ചരക്ക് നീക്കത്തില്‍ റെക്കോഡിട്ട് റെയില്‍വേ;പാളങ്ങളിലൂടെ കുതിച്ചത് 1,670 ദശലക്ഷം ടണ്‍
തിരുവനന്തപുരം: രാജ്യത്തെ ചരക്കുഗതാഗത മേഖലയില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ റെയില്‍വേ.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ കൈകാര്യം ചെയ്തത് 1,670 ദശലക്ഷം ടണ്‍ ചരക്കാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലോഡിങ്ങില്‍ 3.25 ശതമാനം വർധനവ് രേഖപ്പെടുത്തി.
വളങ്ങള്‍, പിഗ് ഇരുമ്പ്, ഫിനിഷ്ഡ് സ്റ്റീല്‍ എന്നിവയുടെ നീക്കത്തിലുണ്ടായ 13 ശതമാനം വര്‍ധനവാണ് ഈ റെക്കോഡ് നേട്ടത്തിന് കരുത്തായത്. ഇരുമ്പയിര് ലോഡിങില്‍ 6.73 ശതമാനവും സിമന്റ് നീക്കത്തില്‍ 3.41 ശതമാനവും വളര്‍ച്ചയുണ്ടായി.
കഴിഞ്ഞ വർഷം നവംബര്‍ 19ന് തന്നെ ഒരു ബില്യണ്‍ ടണ്‍ എന്ന നിർണയക നാഴികക്കല്ല് പിന്നിടാന്‍ റെയില്‍വേയ്ക്ക് സാധിച്ചു. 1,700 ദശലക്ഷം ടണ്‍ എന്ന ലക്ഷ്യത്തിന് തൊട്ടടുത്തെത്താന്‍ സാധിച്ചതും നേട്ടമായി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ ചരക്ക് വരുമാനം 1.61 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.59 ലക്ഷം കോടി രൂപയായിരുന്നു. 2026 - 27 സാമ്പത്തിക വര്‍ഷത്തില്‍ 1,765 ദശലക്ഷം ടണ്‍ ലോഡിങാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
വരും വര്‍ഷത്തില്‍ ചരക്ക് വരുമാനം 5.8 ശതമാനം വര്‍ധിച്ച് 1.89 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, വൈദ്യുതി നിലയങ്ങളിലേക്കുള്ള കല്‍ക്കരി നീക്കത്തില്‍ നേരിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചരക്ക് നീക്കത്തിലെ ഈ റെക്കോഡ് കുതിപ്പ് രാജ്യത്തെ വ്യവസായ മേഖലയ്ക്കും വലിയ ഉണര്‍വാണ് നല്‍കുന്നത്. പാഴ്സൽ നയം ലഘൂകരിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങളിലൂടെ കൂടുതൽ വരുമാനം കണ്ടെത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."