ഒറാക്കിൾ ഡാറ്റാ സെന്ററിന് നേരെ ഐആർജിസി ആക്രമണം; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് ദുബൈ സർക്കാർ
ദുബൈ: നഗരത്തിലെ ഒറാക്കിൾ ഡാറ്റാ സെന്ററിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആക്രമണം നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ദുബൈ സർക്കാർ. ഇത്തരം റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും സത്യാവസ്ഥയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ദുബൈ മീഡിയ ഓഫീസ് ഔദ്യോഗിക വിശദീകരണം നൽകിയത്. ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകൾ 'വ്യാജമാണെന്നും' ഇത്തരം വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വീഴരുതെന്നും അധികൃതർ അറിയിച്ചു.
ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാനാണെന്നും നഗരത്തിലെ സുരക്ഷാ സാഹചര്യങ്ങൾ നിലവിൽ സുസ്ഥിരമാണെന്നും സർക്കാർ ഉറപ്പുനൽകുന്നു.
പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് കുറ്റകരമാണെന്നും, അതിനാൽ പൊതുജനങ്ങൾ ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
"പൊതുജനങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം. ഔദ്യോഗിക സർക്കാർ ചാനലുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് മാത്രം മുൻഗണന നൽകുക," ദുബൈ മീഡിയ ഓഫീസ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
അമേരിക്കയുമായുള്ള തർക്കം മുറുകുന്ന സാഹചര്യത്തിൽ യുഎസ് സാങ്കേതിക കമ്പനികളെ ലക്ഷ്യം വയ്ക്കുമെന്ന് ഐആർജിസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഒറാക്കിൾ ഡാറ്റാ സെന്ററിന് നേരെ ആക്രമണം നടന്നുവെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പടർന്നത്. എന്നാൽ, ദുബൈ ഭരണകൂടം ഈ റിപ്പോർട്ടുകൾ കർശനമായി നിഷേധിച്ചതോടെ ആശങ്കകൾക്ക് അറുതിയായിരിക്കുകയാണ്.
reports claiming an irgc attack on an oracle data center in dubai have been officially denied by authorities, confirming the news as false. officials urge the public to rely on verified sources and avoid spreading misinformation online.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."