യു.എസിന് ബദല്‍ നീക്കവുമായി ബ്രിട്ടന്‍; ഹോര്‍മുസ് തുറക്കാൻ ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളുടെ യോഗം ചേർന്നു
ലണ്ടന്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ബ്രിട്ടന്റെ നേതൃത്വത്തില്‍ ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങള്‍ പങ്കെടുത്ത യോഗം നടന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവിറ്റെ കൂപ്പര്‍ ആണ് അധ്യക്ഷനായത്.
നിങ്ങളുടെ എണ്ണ ഹോര്‍മുസില്‍ പോയി എടുത്തോളൂവെന്ന് ഈ രാജ്യങ്ങളോട് പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളോട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടന്റെ നേതൃത്വത്തില്‍ 40 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നത്.
ഇറാനുമായി നയതന്ത്ര -രാഷ്ട്രീയ വഴിയില്‍ ചര്‍ച്ച നടത്തി ഹോര്‍മുസ് തുറപ്പിക്കാനാണ് ശ്രമമെന്ന് കൂപ്പര്‍ പറഞ്ഞു. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. ഇത്തരം പ്രശ്‌നങ്ങളാണ് ഇറാനും യൂറോപും തമ്മിലുള്ള ബന്ധത്തിന് വിലങ്ങുതടിയാകുന്നത്. എന്നാല്‍ ഇറാനുമായി സൗഹൃദമുള്ള രാജ്യങ്ങളെയും ബ്രിട്ടന്‍ യോഗത്തില്‍ വിളിച്ചത് ചര്‍ച്ചയ്ക്ക് വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
ബ്രിട്ടനെ കൂടാതെ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഹോര്‍മുസ് ബലം പ്രയോഗിച്ച് തുറക്കണമെന്ന നിലപാട് ഒരു രാജ്യവും എടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ഇറാന്‍ കപ്പല്‍വേധ മിസൈലുകളും ഡ്രോണുകളും മൈനുകളും ഉപയോഗിച്ച് ആക്രമിക്കുമെന്നതിനാലാണ് ഇറാനുമായി രമ്യതയിലെത്താന്‍ ശ്രമം നടക്കുന്നത്. ഹോര്‍മുസ് തുറക്കാനുള്ള നീക്കം എളുപ്പമുള്ള കാര്യമല്ലെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
നാറ്റോ കടലാസു പുലിയാണെന്നും നാറ്റോയില്‍ നിന്ന് യു.എസ് പിന്മാറുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ സാഹചര്യത്തില്‍ ബദല്‍ നീക്കത്തിനാണ് ബ്രിട്ടന്‍ ശ്രമിക്കുന്നത്. നേരത്തെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വ്യോമപ്രതിരോധ സംവിധാനം നല്‍കാമെന്നും സഹായിക്കാമെന്നും ബ്രിട്ടന്‍ പറഞ്ഞിരുന്നു. ഗള്‍ഫില്‍ യു.എസിന് ബദലായി അവരുടെ പ്രതിരോധ പങ്കാളിയാകുകയും അമേരിക്കയെ മാറ്റിനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്. അമേരിക്കക്ക് താവളം നല്‍കിയതു കൊണ്ടുമാത്രം തങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന ചിന്ത ഗള്‍ഫ് രാജ്യങ്ങള്‍ക്കുമുണ്ട്. ഇതിനു പിന്നാലെ ക്യൂബയ്ക്ക് കഴിഞ്ഞ ദിവസം 20 ലക്ഷം യൂറോയുടെ സഹായം നല്‍കിയതിലൂടെയും അമേരിക്കക്ക് ബ്രിട്ടന്‍ വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്. യു.എസ് ഒറ്റപ്പെടുത്തുന്നവര്‍ക്കൊപ്പം തങ്ങളുണ്ടെന്ന സൂചന നല്‍കുന്നതിനൊപ്പം സാമ്പത്തികമായി പ്രതിസന്ധിയിലകപ്പെട്ട ബ്രിട്ടനെ കരകയറ്റാനുള്ള കെയ്ര്‍ സ്റ്റാര്‍മറിന്റെ നീക്കം കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."