റോഡിലെ കളി ജീവനെടുക്കും! അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; നിയമലംഘകർക്ക് കടുത്ത ശിക്ഷ ----
ദുബൈ: റോഡുകളിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ദുബൈ പൊലിസ്. പെട്ടെന്നുള്ള ലെയ്ൻ മാറ്റം, ടെയിൽഗേറ്റിംഗ് (മുന്നിലെ വാഹനത്തോട് അമിതമായി ചേർന്ന് ഓടിക്കുന്നത്) തുടങ്ങിയ അപകടകരമായ ഡ്രൈവിംഗ് രീതികൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുന്നറിയിപ്പ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി.
അപകടകരമായ ഡ്രൈവിംഗ് രീതികൾ:
ദുബൈ പൊലിസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം താഴെ പറയുന്ന പ്രവൃത്തികൾ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും:
പെട്ടെന്നുള്ള ലെയ്ൻ മാറ്റം: ഇൻഡിക്കേറ്ററുകളോ കൃത്യമായ സിഗ്നലുകളോ നൽകാതെ വശങ്ങളിലേക്ക് വാഹനം വെട്ടിക്കുന്നത്.
ടെയിൽഗേറ്റിംഗ്: മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതിരിക്കുന്നത്.
വഴി തടസ്സപ്പെടുത്തൽ: പിന്നിൽ നിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യം നൽകാതെ മനഃപൂർവ്വം തടസ്സമുണ്ടാക്കുന്നത്.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളിൽ പല ഡ്രൈവർമാരും റോഡുകളിൽ അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും ചെയിൻ അപകടങ്ങൾക്കും കാരണമാകുന്നു. ഇത്തരം പ്രവൃത്തികൾ റോഡ് സുരക്ഷയോടുള്ള വ്യക്തമായ വെല്ലുവിളിയാണെന്ന് ബ്രിഗേഡിയർ സുവൈദാൻ പറഞ്ഞു.
"റോഡ് സുരക്ഷ എന്നത് പൊലിസിന്റെ മുൻഗണനയാണ്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഒരു പെരുമാറ്റവും വെച്ചുപൊറുപ്പിക്കില്ല. സ്മാർട്ട് മോണിറ്ററിംഗ് സംവിധാനങ്ങൾ വഴി നിയമലംഘകരെ പിടികൂടുന്നത് ശക്തമാക്കും," അദ്ദേഹം കൂട്ടിചേർത്തു.
പിഴയും ശിക്ഷയും
അശ്രദ്ധമായ ഡ്രൈവിംഗിന് യുഎഇ നിയമപ്രകാരം 2,000 ദിർഹം വരെ പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കാം. കൂടാതെ വാഹനം കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കും പൊലിസ് കടക്കും. ഡ്രൈവർമാർക്കിടയിലെ തർക്കങ്ങൾ പലപ്പോഴും വലിയ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുന്നതായും പൊലിസ് നിരീക്ഷിക്കുന്നു.
ഈ സാഹചര്യത്തിൽ, ഡ്രൈവർമാർ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് റോഡ് നിയമങ്ങൾ പാലിക്കണമെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Dubai Police have warned motorists against reckless driving, highlighting strict penalties including fines up to AED 50,000 and vehicle impoundment. Authorities emphasize that dangerous maneuvers like sudden swerving and tailgating will face zero tolerance to ensure road safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."