ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി
പാലക്കാട്: ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നീട്ടി. മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയാണ് ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ജോലി വാഗ്ദാനം ചെയ്‌ത് താമസസ്ഥലത്ത് അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് യുവതിയുടെ പരാതി.
ബലാത്സംഘം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയുടെ ഫോൺ രേഖകളും സന്ദേശങ്ങളും അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഇപ്പോൾ പൊലിസ് ശേഖരിച്ചു വരികയാണ്. ഇത് കേസിൽ നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ പ്രതി ഒളിവിലാണ്. ഇയാൾ സംസ്ഥാനം വിട്ടതായാണ് പൊലിസ് സംശയിക്കുന്നത്.
മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലിസ് മേധാവിക്കും നൽകിയ പരാതിയിൽ, പ്രമുഖ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ച് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായാണ് അതിജീവിത ആരോപിക്കുന്നത്. വീട്ടിലെത്തി പീഡിപ്പിച്ചു എന്നാണ് മൊഴി.
സംഭവം വലിയ ചർച്ചയായതോടെ കോൺഗ്രസ് ജില്ലാ നേതൃത്വം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാൾ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."