പേര് മാറ്റാൻ അനുമതിയില്ല: വോട്ടിങ് യന്ത്രത്തിൽ 'പി.വി. അഞ്ജലി' തന്നെ; അഞ്ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി
തൃപ്പൂണിത്തുറ: വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും പേര് മാറ്റണമെന്ന തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥി അഞ്ജലി നായരുടെ ആവശ്യം തള്ളി വരണാധികാരി. നാമനിർദ്ദേശ പത്രികയിൽ നൽകിയിട്ടുള്ള 'പി.വി. അഞ്ജലി' എന്ന പേര് തന്നെ തിരഞ്ഞെടുപ്പിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. സിനിമയിലും പൊതുരംഗത്തും താൻ അറിയപ്പെടുന്ന 'അഞ്ജലി നായർ' എന്ന പേര് ബാലറ്റിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സ്ഥ്നാർത്ഥിയുടെ ആവശ്യം. ഔദ്യോഗിക രേഖകളിലെ പേരായ 'അഞ്ജലി പി.വി.' എന്നത് വോട്ടർമാർക്കിടയിൽ പരിചിതമല്ലെന്നും ഇത് വോട്ട് കുറയാൻ കാരണമാകുമെന്നുമായിരുന്നു സ്ഥാനാർത്ഥി പേര് മാറ്റത്തിനുള്ള കാരണമായി അറിയിച്ചത്.
എന്നാൽ, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ഇനി മാറ്റം വരുത്താൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല. കൂടാതെ, ഹോം വോട്ടിങ് ആരംഭിച്ചതും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമീകരണങ്ങൾ പൂർത്തിയായതും ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റമെന്ന ആവശ്യം വരണാധികാരി തള്ളിയത്.
ഈ ആവശ്യവുമായി അഞ്ജലി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, സ്ഥാനാർത്ഥിയുടെ പരാതി കേട്ട് ഉചിതമായ തീരുമാനമെടുക്കാൻ കോടതി വരണാധികാരിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് അപേക്ഷ നിരസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."