കോൺഗ്രസിനെ തകർക്കാൻ എൽഡിഎഫ് ജയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം; മോദി-പിണറായി കൂട്ടുകെട്ടിനെതിരെ രാഹുൽ ഗാന്ധി
തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരിക്കുന്നത് യുഡിഎഫും മോദി-പിണറായി അച്ചുതണ്ടും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇടതുമുന്നണിയിൽ നിന്ന് വിട്ടുപോന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നവർ അവസരവാദികളല്ലെന്നും, സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൽ പ്രതിഷേധിച്ചാണ് അവർ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. മോദിയെ സംബന്ധിച്ചിടത്തോളം എൽഡിഎഫ് ഒരു ഭീഷണിയേ അല്ല. കോൺഗ്രസിനെ തകർക്കാൻ എൽഡിഎഫ് ജയിക്കണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ശബരിമലയിലെ സ്വർണം എൽഡിഎഫ് സർക്കാർ കവർന്നെടുത്തിട്ടും മോദി മിണ്ടുന്നില്ല. ആചാരങ്ങളെക്കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി ഈ വിഷയത്തിൽ പുലർത്തുന്ന മൗനം ഇടത്-ബിജെപി അന്തർധാരയുടെ തെളിവാണ്.
എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരുന്നതോടെ മോദിയുടെ യഥാർഥ മുഖം പൊതുജനങ്ങൾക്ക് വെളിപ്പെടും. പാർലമെന്റിൽ നിന്ന് ഓടിയൊളിക്കാൻ മോദിക്ക് കഴിഞ്ഞേക്കാം, എന്നാൽ ഡൊണാൾഡ് ട്രംപിൽ നിന്ന് ഒളിക്കാൻ കഴിയില്ല. ട്രംപ് മോദിയെ നിയന്ത്രിക്കുമ്പോൾ മോദി ഇന്ത്യയുടെ നയങ്ങളെ നിയന്ത്രിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.
ട്രംപിന് മുന്നിൽ മോദി എങ്ങനെയാണോ കീഴടങ്ങുന്നത്, അതേ രീതിയിലാണ് പിണറായി വിജയൻ മോദിയുടെ മുന്നിൽ ഒത്തുകളിക്കുന്നത്. തന്നെ മണിക്കൂറുകളോളം ഇഡിയും സിബിഐയും ചോദ്യം ചെയ്തപ്പോൾ, എന്തുകൊണ്ടാണ് ലാവലിൻ ഉൾപ്പെടെയുള്ള കേസുകളിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത്? എന്നും രാഹുൽ ഗാന്ധി ചോദിച്ചു.
മതന്യൂനപക്ഷങ്ങൾക്കെതിരായ നീക്കം
മണിപ്പൂരിലെ പള്ളികൾ തകർത്തതും ഛത്തീസ്ഗഢിൽ ക്രിസ്ത്യാനികളെ ആക്രമിച്ചതും ബിജെപിയും ആർഎസ്എസുമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇതേ ആർഎസ്എസുമായി സിപിഎം കൂട്ടുകൂടുകയാണ്. എൽഡിഎഫ് നിലനിൽക്കുന്നത് പ്രത്യയശാസ്ത്രപരമായ വിജയത്തിനല്ല, മറിച്ച് കേവലം അധികാരത്തിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരാൻ പോകുകയാണെന്നും അതിന്റെ ദുരിതം ജനങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിജെപിയെ നേരിടാൻ കരുത്തുള്ള ഏക ശക്തി യുഡിഎഫ് മാത്രമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
during his election campaign in kerala, opposition leader rahul gandhi claimed that prime minister narendra modi is backing the pinarayi vijayan-led ldf to weaken the congress and udf. gandhi described the assembly election as a battle between the udf and a "hidden partnership" of the modi-pinarayi axis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."