ബുഷെഹറിൽ ആണവ ഭീഷണി: ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് റഷ്യ; ഇറാനിൽ ആശങ്കയേറുന്നു
തെഹ്‌റാൻ: ഇറാനിലെ ബുഷെഹർ ആണവനിലയത്തിൽ സുരക്ഷാ ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജീവനക്കാരെ ഒഴിപ്പിച്ച് റഷ്യൻ സ്റ്റേറ്റ് ആണവ കമ്പനിയായ റോസാറ്റം. ഇന്ന് മാത്രം 198 ജീവനക്കാരെ കൂടി പ്ലാന്റിൽ നിന്ന് മാറ്റിയതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്ത ഫെബ്രുവരി അവസാനം മുതൽ റോസാറ്റം തങ്ങളുടെ തൊഴിലാളികളെ ഘട്ടംഘട്ടമായി പിൻവലിച്ചുവരികയാണ്.
അതേസമയം പ്ലാന്റിന് നേരെയുണ്ടായ ഇസ്റാഈൽ - യുഎസ് ഷെല്ലാക്രമണത്തിൽ പ്ലാന്റിലെ സുരക്ഷാ ജീവനക്കാരിലൊരാൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട വ്യക്തി ഇറാൻ പൗരനാണെന്ന് റോസാറ്റം മേധാവി അലക്സി ലിഖാചേവ് വ്യക്തമാക്കി. സ്ഫോടനത്തെത്തുടർന്നുണ്ടായ ഷോക്ക് വേവുകൾ പ്ലാന്റിലെ ഒരു കെട്ടിടത്തിന് നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ ഷെൽ കഷണങ്ങൾ പതിച്ചതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ കാര്യങ്ങൾ ഏറ്റവും വഷളായ സാഹചര്യത്തിലേക്കാണ് (Worst-case scenario) നീങ്ങുന്നതെന്ന് അലക്സി ലിഖാചേവ് മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര ഒഴിപ്പിക്കൽ നടപടികൾ ഊർജ്ജിതമാക്കിയത്.
ബുഷെഹർ പ്ലാന്റിന് സമീപം അമേരിക്കയും ഇസ്റാഈലും നടത്തുന്ന സൈനിക നീക്കങ്ങൾ ഇറാനും ഗൾഫ് മേഖലയ്ക്കും വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആണവനിലയത്തിന് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അത് വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
russia has stepped up the evacuation of its personnel from iran’s bushehr nuclear power plant, citing a growing risk of a nuclear accident. rosatom, russia's state nuclear agency, has already withdrawn nearly 200 staff members as regional tensions escalate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."