ഇന്ത്യൻ ഹോക്കിയിൽ വീണ്ടും 'മീ ടൂ' വിവാദം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ഭരണസമിതിയായ 'ഹോക്കി ഇന്ത്യ'യിൽ വീണ്ടും ലൈംഗികാരോപണ വിവാദം പുകയുന്നു. മുതിർന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം തുടങ്ങിയ ഗുരുതര പരാതികളാണ് ഉന്നയിച്ചിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥർ, പരിശീലകർ, കായിക താരങ്ങൾ എന്നിവരെ ഇയാൾ നിരന്തരം വേട്ടയാടിയിരുന്നതായാണ് സൂചന.
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഡയറക്ടർ ഹരി രഞ്ജൻ റാവു, സായ് ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റി ഡയറക്ടർ കൽപന ശർമ്മ, ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി എന്നിവർക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്.
വനിതാ താരങ്ങളോടും ഉദ്യോഗസ്ഥരോടും അശ്ലീല ചിത്രങ്ങൾ ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പ്രധാനമായും ആരോപണം ഉയർന്നിരിക്കുന്നത്. വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തവരുടെ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുകയും ചെയ്തതായും ഇമെയിലിൽ അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരിശീലനത്തിനും മറ്റ് പ്രൊഫഷണൽ അവസരങ്ങൾക്കുമായി കായിക താരങ്ങളിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്..
മുൻപും സമാനമായ പരാതികൾ നേരിട്ടിട്ടുള്ള വ്യക്തിയെ വീണ്ടും ഉന്നത പദവിയിൽ നിയമിച്ചതാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുന്നത്. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് 2023-ൽ ഇയാൾ രാജിവെച്ചതുമാണ്. എന്നാൽ, എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് 2025 സെപ്റ്റംബറിൽ ഇയാളെ ഹോക്കി ഇന്ത്യയിൽ വീണ്ടും തിരിച്ചെടുക്കുന്നത്.
2026 മാർച്ചിൽ പുറത്തിറങ്ങിയ ഔദ്യോഗിക പട്ടികകളിൽ ഇയാളുടെ പേര് വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് പുതിയ പരാതികളുമായി ഇരകൾ രംഗത്തെത്തിയത്. രാജ്യത്തെ കായിക താരങ്ങളുടെ സുരക്ഷയും കായിക ഭരണരംഗത്തെ സുതാര്യതയും ഇതോടെ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. സംഭവത്തിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
a senior official at hockey india is facing serious allegations of sexual harassment, abuse of power, and financial extortion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."