കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി
മടിക്കേരി: കർണാടകയിലെ കുടക് തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി ഐടി പ്രൊഫഷണൽ ശരണ്യയെ (36) കണ്ടെത്തി. നാല് ദിവസം നീണ്ടുനിന്ന ഊർജിതമായ തിരച്ചിലിനൊടുവിൽ ഇന്ന് വൈകുന്നേരത്തോടെയാണ് ഇവരെ കണ്ടെത്തിയത്. തടിയൻഡമോൾ മലയുടെ താഴ്‌വാരത്തുനിന്നു തന്നെയാണ് രക്ഷാപ്രവർത്തകർ ശരണ്യയെ കണ്ടെത്തിയത്.
ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതാകുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന ശരണ്യ, തടിയൻഡമോൾ കൊടുമുടി കയറാൻ വനംവകുപ്പിന്റെ അനുമതി തേടിയിരുന്നു. എന്നാൽ കാട്ടാനശല്യം കണക്കിലെടുത്ത് ഒറ്റയ്ക്ക് പോകാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മറ്റ് ഒൻപത് പേരടങ്ങുന്ന സംഘത്തിനൊപ്പം ചേരുകയായിരുന്നു. എന്നാൽ വൈകുന്നേരം സംഘം തിരിച്ചെത്തിയപ്പോഴാണ് ശരണ്യ കൂടെയില്ലെന്ന വിവരം പുറത്തറിയുന്നത്.
ശരണ്യയെ കണ്ടെത്താനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അടിയന്തരമായി കത്തയച്ചിരുന്നു. വിഷയത്തിൽ വ്യക്തിപരമായ ഇടപെടൽ വേണമെന്നും തിരച്ചിൽ ഊർജിതമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തുടർന്ന് കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.
ദുർഘടമായ വനമേഖലയിൽ ഡ്രോണുകളും വനംവകുപ്പിന്റെ പ്രത്യേക സംഘങ്ങളും പ്രാദേശിക സന്നദ്ധ പ്രവർത്തകരും അണിനിരന്ന വലിയൊരു തിരച്ചിൽ തന്നെയാണ് നടന്നത്. കാട്ടാനശല്യമുള്ള മേഖലയായതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു നീക്കങ്ങൾ.
നാല് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വനത്തിനുള്ളിൽ കുടുങ്ങിയ ശരണ്യയെ നിലവിൽ പ്രാഥമിക പരിശോധനകൾക്കായി മാറ്റിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ക്യാമ്പ് ചെയ്യുന്ന സ്ഥലത്തേക്ക് ഇവരെ ഉടൻ എത്തിക്കും. ശരണ്യ സുരക്ഷിതയാണെന്ന വാർത്ത പുറത്തുവന്നതോടെ വലിയൊരു ആശങ്കയ്ക്കാണ് വിരാമമായത്.
The search for 36-year-old IT professional Saranya G.S. ended successfully on Sunday evening after a high-stakes, four-day rescue operation in the dense forests of Coorg, Karnataka.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."