തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ഗോവിന്ദൻ
Web Desk
April 05, 2026 | 5:21 PM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തുമെന്നും പത്തുവർഷത്തെ വികസനത്തിന്റെ ബലത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെതിരെയും രൂക്ഷ വിമർശനമാണ് എംവി ഗോവിന്ദൻ നടത്തിയത്. 'വയനാട് വീടുപണി പൂർത്തിയാക്കിയ ശേഷം കണക്ക് പറയും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വീടുപണി നടക്കുന്നതു പോയി നോക്കൂ എന്ന് പറഞ്ഞു. പോയി നോക്കിയപ്പോൾ അവിടെ ഒന്നുമില്ല. 100 കോടിയിലധികം കോൺഗ്രസ് പിരിച്ചു എന്നാണ് പലരും പറയുന്നത്. ഈ ഫണ്ട് എല്ലാം എവിടെയാണ് പോയത് ? വലിയ തട്ടിപ്പാണ് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയത്. ഒരു രൂപപോലുമില്ലാതെ കോൺഗ്രസ് എങ്ങനെയാണ് 230 വീടുകൾ നൽകുക ?'- എം.വി ഗോവിന്ദൻ ചോദിച്ചു.
നേരത്തെ സംസ്ഥാനത്ത് എല്ലായിടത്തും യു.ഡി.എഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''സർക്കാരിനെതിരായ അതിശക്തമായ പ്രതിഷേധവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങൾക്കിടയിലുണ്ട്. യു.ഡി.എഫ് വന്നാൽ കേരളത്തിൽ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും ജനങ്ങളിലുണ്ട്. ഞങ്ങൾ ഈ സർക്കാരിനെതിരെ അവതരിപ്പിച്ച കുറ്റപത്രം ജനങ്ങൾ അവരുടെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്ത് ഈ സർക്കാരിനെ ശിക്ഷിക്കും. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസമുണ്ട്. അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും ആവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നത് ''- സതീശൻ പറഞ്ഞു.
നൂറിലധികം സീറ്റിൽ യു.ഡി.എഫ് വിജയിക്കും.എൽ.ഡി.എഫിന്റെ ഒരു ഡസൺ മന്ത്രിമാർ പരാജയപ്പെടും. ചിലപ്പോൾ ഒന്ന് കൂടുകയോ കുറയുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
30 വർഷത്തിനിടെ ജില്ലാപഞ്ചായത്ത് പിടിച്ച ജില്ലയാണ് കോഴിക്കോട്. അപ്പോൾഅവിടെ വലിയ മാറ്റമാണെന്ന് മനസിലായില്ലേ? കാസർകോട് നിന്നും വോട്ടെണ്ണി എറണാകുളത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഫണ്ട് പിരിവ് സംബന്ധിച്ചുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ പുറത്ത് വിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട് പണിയാൻ കെ.പി.സി.സി ഫണ്ടിൽ നിന്നും എ.ഐ.സി.സി ഫണ്ടിൽ നിന്നും പണം നൽകും, അല്ലാതെയുള്ള ഫണ്ട് കളക്ഷനുണ്ടാകില്ല. സഹായിക്കാമെന്ന് എ.ഐ.സി.സി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
M. V. Govindan, the state secretary of the Communist Party of India (Marxist), said that the Bharatiya Janata Party will not win even a single seat in the assembly elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."