എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതിയിൽ കേന്ദ്ര സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങളും ന്യൂനപക്ഷവിരുദ്ധ അജണ്ടയും തുറന്നുകാട്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ക്രൈസ്തവ സഭാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ തടയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കത്തിൽ അദ്ദേഹം ആരോപിച്ചു.
പ്രധാനമായും നാല് ചോദ്യങ്ങളാണ് വേണുഗോപാൽ പ്രധാനമന്ത്രിക്ക് മുൻപിൽ ഉന്നയിച്ചിരിക്കുന്നത്. വഖഫ് ഭേദഗതിക്ക് സമാനമായി ക്രൈസ്തവ വിഭാഗങ്ങളെ സമ്മർദ്ദത്തിലാക്കാനും അവരുടെ അവകാശങ്ങൾ കവർന്നെടുക്കാനുമുള്ള ഗൂഢശ്രമമല്ലേ ഈ ഭേദഗതിക്ക് പിന്നിലെന്ന് അദ്ദേഹം ചോദിച്ചു. സാധാരണഗതിയിൽ ബിസിനസ് അഡ്വൈസറി കമ്മിറ്റി (ബി.എ.സി) സമയം നിശ്ചയിച്ചാണ് ബില്ലുകൾ സഭയിൽ വരുന്നത്. എന്നാൽ എഫ്.സി.ആർ.എ ഭേദഗതിയുടെ കാര്യത്തിൽ ബി.എ.സിയുമായി കൂടിയാലോചനകൾ നടന്നിട്ടുണ്ടോ എന്നും പാർലമെന്ററി കീഴ്വഴക്കങ്ങൾ ലംഘിച്ച് എന്തിനാണ് ഇത്ര ധൃതി കാണിച്ചതെന്നും കത്തിൽ ചോദിക്കുന്നു. ബില്ലിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ബോധ്യപ്പെട്ടിട്ടും സർക്കാർ എന്തിനാണ് ഇത് നടപ്പിലാക്കാൻ വാശിപിടിക്കുന്നത്?
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ എം.പിമാരുടെ അഭാവം മുതലെടുത്ത് ബിൽ പാസാക്കാനാണോ കേന്ദ്രം ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാൽ ആരായുന്നു. സന്നദ്ധ സംഘടനകളുടെ സുതാര്യമായ പ്രവർത്തനങ്ങളെ തകർക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ലഭിക്കേണ്ട സഹായങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം കത്തിൽ മുന്നറിയിപ്പ് നൽകി.
k.c. venugopal alleges procedural lapse in fcra bill, writes to pm modi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."