ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ
തൃശ്ശൂർ: ടിപ്പു സുൽത്താനെതിരെ വിവാദ പ്രസ്താവനയുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ. ഏങ്ങണ്ടിയൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. പ്രശസ്ത ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരിയുടെ വീടിന് മുന്നിലെ റോഡിന് ടിപ്പു സുൽത്താൻ്റെ പേര് നൽകിയതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭാരതീയ പൈതൃകവും കേരള ചരിത്രവും രചിച്ച വേലായുധൻ പണിക്കശ്ശേരിയെപ്പോലുള്ളവരുടെ സ്മരണ നിലനിൽക്കേണ്ട ഇടത്ത് ടിപ്പു സുൽത്താൻ്റെ പേര് ആവശ്യമില്ലെന്ന് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ടിപ്പു സുൽത്താൻ വെറുമൊരു അധിനിവേശക്കാരൻ മാത്രമാണെന്നും ഈ പ്രദേശവുമായി അദ്ദേഹത്തിന് ചരിത്രപരമായ മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നുംഗോപാലകൃഷ്ണൻ ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി.
കൂടാതെ, ടിപ്പു സുൽത്താൻ നിരവധി ക്ഷേത്രങ്ങൾ നശിപ്പിച്ചതായും ഹിന്ദുക്കളെ കൊന്നൊടുക്കിയതായും ഗോപാലകൃഷ്ണൻ ആരോപിച്ചു.
നേരത്തെയും, മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ ഗോപാലകൃഷ്ണൻ നടത്തിയിരുന്നു. മുൻപ് നടത്തിയ ‘ഹിന്ദു എം.എൽ.എ’ പരാമർശവും, ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ ‘ഹറാം’ പ്രസ്താവനയും ഇതിനുദാഹരണമാണ്. ഈ പ്രസ്താവനകളുടെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."