വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ; കേന്ദ്രമന്ത്രി ജയശങ്കർ പേര് പരാമർശിച്ചില്ല, ബിജെപി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി ആർ. ശ്രീലേഖ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്നിറങ്ങിപ്പോയി വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആർ. ശ്രീലേഖ. കേന്ദ്രമന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീലേഖ ഇറങ്ങിപ്പോയത്. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതിനെത്തുടർന്നാണ് അവർ ചടങ്ങിലേക്ക് മടങ്ങിയെത്തിയത്.
വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി സംവദിക്കാൻ മസ്കത്ത് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ആയിരുന്നു സംഭവം. ആർ. ശ്രീലേഖയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി എസ്. ജയശങ്കർ ശ്രീലേഖയുടെ പേരോ മണ്ഡലത്തിന്റെ പേരോ പരാമർശിച്ചില്ല. പകരം രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതയായ ശ്രീലേഖ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ വേദി വിടുകയായിരുന്നു.
തനിക്ക് വേണ്ടി വോട്ട് തേടാൻ സംഘടിപ്പിച്ച പരിപാടിയിൽ സ്ഥാനാർത്ഥിയെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അവർ. തുടർന്ന്, ബിജെപി നേതാക്കളായ വി.വി രാജേഷ്, എസ്. ഓമന എന്നിവരും ആർ.എസ്.എസ് ഭാരവാഹികളും ഇടപെട്ട് ശ്രീലേഖയെ അനുനയിപ്പിച്ചു. നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് അവർ പിന്നീട് പരിപാടിയിൽ പങ്കെടുത്തത്.
നേരത്തെയും, ആർ. ശ്രീലേഖയെ സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടായിരുന്നു. മുൻപ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോൾ പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി വേദിയിൽ നിന്ന് വിട്ടുനിന്നതും, മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പരാമർശങ്ങളും വലിയ ചർച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."