രാജീവ് ചന്ദ്രശേഖറിന് കിട്ടിയ പരിഗണന തനിക്കില്ല; പ്രചാരണ പരിപാടിക്കിടെ ബിജെപി നേതൃത്വത്തോട് കയർത്ത് ആർ. ശ്രീലേഖ
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നാടകീയ സംഭവങ്ങൾ. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത വേദിയിൽ വെച്ച് സ്ഥാനാർഥി ആർ. ശ്രീലേഖ ഇറങ്ങിപ്പോയത് ചർച്ചയാകുന്നു. തനിക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രമന്ത്രി തന്റെ പേര് പരാമർശിക്കാത്തതാണ് ശ്രീലേഖയെ പ്രകോപിപ്പിച്ചത്.
പ്രസംഗത്തിലുടനീളം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രം കേന്ദ്രമന്ത്രി പറയുകയും ശ്രീലേഖയുടെ പേര് ഒഴിവാക്കുകയും ചെയ്തതാണ് അതൃപ്തിക്ക് കാരണമായത്. ഇതോടെ പ്രകോപിതയായ ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി. സോമനോട് വേദിയിൽ വെച്ച് തന്നെ കയർത്തു സംസാരിച്ചു. ഇതിന് പിന്നാലെ പരിപാടി ബഹിഷ്കരിച്ച് അവർ പുറത്തേക്ക് പോവുകയായിരുന്നു. വി.വി. രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെയും ശ്രീലേഖ നേരിട്ട് പ്രതിഷേധം അറിയിച്ചു. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതിനെത്തുടർന്നാണ് അവർ തിരികെ എത്തിയത്.
താൻ ഇറങ്ങിപ്പോയി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ ആർ. ശ്രീലേഖ പൂർണ്ണമായും നിഷേധിച്ചു. പാർട്ടിക്കുള്ളിൽ നേതാക്കളുമായി വ്യക്തിപരമായി സംസാരിച്ച കാര്യങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യമാണ്. പാർട്ടിക്കുള്ളിൽ പറയാനുള്ള കാര്യങ്ങൾ അവിടെത്തന്നെ പറയും. ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരമാണ് എന്ന് ആർ. ശ്രീലേഖ പറഞ്ഞു
സംഭവം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമ്പോഴും, പ്രചാരണ രംഗത്ത് ഇത്തരം ചെറിയ തർക്കങ്ങൾ സ്വാഭാവികമാണെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. വട്ടിയൂർക്കാവിലെ പ്രചാരണ പരിപാടികൾ പഴയ ആവേശത്തോടെ തന്നെ തുടരുമെന്നും പാർട്ടി വ്യക്തമാക്കി.
During a BJP election campaign in Vattiyoorkavu, candidate R. Sreelekha reportedly walked out of an event attended by Union Minister S. Jaishankar. The tension arose when the Minister repeatedly mentioned Lok Sabha candidate Rajeev Chandrasekhar in his speech but failed to acknowledge Sreelekha.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."