പൊലിസ് ജീപ്പിടിച്ച് പെരുന്നാള്‍ നമസ്കാരത്തിന് എത്തിയവരുടെ കാറുകള്‍ തകര്‍ന്നു
തലശ്ശേരി: തലശ്ശേരി സ്റ്റേഡിയം പള്ളിയില്‍ ഈദ്ഗാഹില്‍ പങ്കെടുക്കാനെത്തിയവര്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയിലേക്കു പൊലിസ് ജീപ്പ് കയറി ആറു കാറുകള്‍ തകര്‍ന്നു. ബലിപെരുന്നാള്‍ ആഘോഷം പ്രമാണിച്ച് തലശ്ശേരി കോട്ടയ്ക്കു സമീപം, ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് ജോസഫ്സ് സ്കൂള്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക പാര്‍ക്കിങ് പൊലിസ് ഒരുക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഈദ്ഗാഹില്‍ പങ്കെടുക്കാനെത്തിയവര്‍ രജിസ്ട്രാര്‍ ഓഫിസ് പരിസരത്ത് കാറുകള്‍ നിര്‍ത്തി പള്ളിയിലേക്കു പോയ സമയത്തായിരുന്നു സംഭവം. തലശ്ശേരി സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ സഞ്ചരിച്ച ജീപ്പ് കാറുകളില്‍ ഇടിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഡ്രൈവര്‍ തെറി വിളിച്ചതായും വാഹനം പാര്‍ക്ക് ചെയ്തവര്‍ പരാതിപ്പെട്ടു. കാറുകളുടെ ബോണറ്റും ബോഡിയും മറ്റുമാണു ജീപ്പിടിച്ച് തകര്‍ന്നത്. കാറുടമകള്‍ പൊലിസില്‍ പരാതി നല്കി. എ.എന്‍ ഷംസീര്‍ എം.എല്‍.എ സംഭവത്തെക്കുറിച്ച് പൊലിസില്‍ നിന്നു വിവരം തേടി. പള്ളിക്കമ്മറ്റി പരാതി നല്‍കിയതിനെത്തുടര്‍ന്നു എസ്.പി സഞ്ജയ് കുമാര്‍ തലശ്ശേരിയിലെത്തി അന്വേഷണം നടത്തി. ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാന്‍ പ്രാര്‍ഥനയ്ക്കെത്തിയവരുടെ കാറുകള്‍ പാര്‍ക്ക് ചെയ്തയിടത്ത് പൊലിസ് ജീപ്പ് ഇടിച്ച് കയറ്റുകയായിരുന്നെന്ന് മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.പി മഹമൂദ് അധ്യക്ഷനായി. കെ.സി അഹമ്മദ്, സി.കെ.പി മമ്മു, എന്‍ മൂസ, മുനവര്‍ അഹമ്മദ്, അഹമ്മദ് അന്‍വര്‍ ചെറുവക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."