ഇറാനിൽ ഇസ്റാഈൽ വ്യോമാക്രമണം: റെയിൽവേ പാലം തകർത്തു; ട്രംപിന്റെ സമയപരിധി അവസാനിക്കാനിരിക്കെ യുദ്ധഭീതിയിൽ പശ്ചിമേഷ്യ
തെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തുന്ന ആക്രമണം കൂടുതൽ ശക്തമാകുന്നതായി റിപ്പോർട്ട്. മധ്യ ഇറാനിലെ കാഷാൻ നഗരത്തിലുള്ള യഹ്‌യ അബാദ് റെയിൽവേ പാലത്തിന് നേരെയുണ്ടായ ഇസ്റാഈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
ഇസ്ഫഹാൻ ഡെപ്യൂട്ടി ഗവർണറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ആക്രമണം നടന്നത്.
ഇറാനിലുടനീളമുള്ള റെയിൽവേ ശൃംഖലകൾ ലക്ഷ്യമിടുമെന്ന് ഇസ്റാഈൽ സൈന്യം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. "നിങ്ങളുടെ സുരക്ഷയെ കരുതി ഇറാൻ സമയം 21:00 വരെ ട്രെയിൻ യാത്രകൾ ഒഴിവാക്കുക" എന്ന് പേർഷ്യൻ ഭാഷയിൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയതായി ഗവർണർ ഹസ്സൻ ഹൊസൈനി അറിയിച്ചു.
ട്രംപിന്റെ അന്ത്യശാസനം
ഇന്ന് രാത്രി 8 മണിക്ക് മുമ്പായി (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 1 മണി) ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നില്ലെങ്കിൽ, രാജ്യത്തെ പാലങ്ങളും വൈദ്യുത നിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങളിൽ ഇസ്റാഈൽ വ്യോമാക്രമണ പരമ്പര തന്നെ നടത്തി. ഖോം നഗരത്തിന് പുറത്തുള്ള ആശയവിനിമയ പാലത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഗൾഫ് മേഖലയിൽ കടുത്ത ജാഗ്രത
യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളും കടുത്ത ജാഗ്രതയിലാണ്. ഇറാൻ ആക്രമണം ഭയന്ന് സഊദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ താൽക്കാലികമായി അടച്ചു. സഊദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയിലും ബഹ്‌റൈനിലും ജാഗ്രതാ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അഞ്ച് ആഴ്ച മുമ്പ് യുദ്ധം ആരംഭിച്ച ശേഷം ഇറാനിൽ ഇതുവരെ 2,076 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. തെഹ്‌റാനിലെ ജനവാസ മേഖലയിലും സിനഗോഗിന് സമീപവും ബോംബാക്രമണം നടന്നു. സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ 'വിനാശകരമായ' തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെയും ഇസ്റാഈലിന്റെയും നീക്കങ്ങളെത്തുടർന്ന് പശ്ചിമേഷ്യ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
Israel has intensified its airstrikes on Iranian infrastructure, targeting the Yahya Abad railway bridge in Kashan where two people were confirmed dead.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."