വരൂ, വഴിയിലിറങ്ങാം!
തിരൂര്‍: ചമ്രവട്ടംവഴി കോഴിക്കോട്-തൃശൂര്‍, ഗുരുവായൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്.ടി.സി ബസുകളില്‍ മിക്കവയും സര്‍വിസ് നടത്തുന്നതു തകരാറുകള്‍ പരിഹരിക്കാതെ. എന്ജിന് തകരാറും മറ്റു പ്രശ്നങ്ങളുമുണ്ടായിട്ടും യഥാസമയം അറ്റകുറ്റപ്പണി നടത്താതെയാണ് കെ.എസ്.ആര്.ടി.സി ഈ റൂട്ടില്‍ ബസുകള്‍ ഓടിക്കുന്നത്. ഇതിനാല്‍ യാത്രക്കാര്‍ പലപ്പോഴും വഴിയില്‍ കുടുങ്ങുന്ന സ്ഥിതിയാണ്.
കോഴിക്കോട്-തൃശൂര്‍, ഗുരുവായൂര്‍ റൂട്ടില്‍ കാലപ്പഴക്കമുള്ള ബസുകളാണ് സ്ഥിരമായ സര്വിസിനുപയോഗിക്കുന്നതെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാത്രി 7.35ന് കോഴിക്കോട്ടുനിന്നു ഗുരുവായൂരിലേക്കു പോകേണ്ട ടൗണ്‍ ടു ടൗണ്‍ കെ.എസ്.ആര്.ടി.സി ബസ് ഗിയര്‍ ബോക്സ് തകരാര്‍ കാരണം ബസ് സ്റ്റാന്‍ഡില്‍തന്നെ യാത്ര അവസാനിപ്പിച്ചു. വളരെ നേരം കാത്തിരുന്ന് ഈ ബസില്‍ കയറിപ്പറ്റിയ ദീര്‍ഘദൂര യാത്രക്കാര്‍ അടുത്ത ബസിനു കാത്തുനിന്നു. തിക്കിത്തിരക്കി കയറിയ യാത്രക്കാരെ രണ്ടാമതു വന്ന ബസും പാതിവഴിയില്‍ ചതിച്ചു. കോഴിക്കോട്ടുനിന്നു സര്‍വിസ് ആരംഭിച്ച ബസ് കാക്കഞ്ചേരിയിലേക്കുള്ള കയറ്റം കയറുന്നതിനിടെ എന്ജിന് ഓഫായി നടുറോഡില്‍ നില്‍ക്കുകയായിരുന്നു.
വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ഡ്രൈവര്‍ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബസിന്റെ ബാറ്ററി തകരാറാണ് വിനയായത്. തുടര്‍ന്നു തേഞ്ഞിപ്പലം പൊലിസെത്തി യാത്രക്കാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ബസ് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ ദേശീയപാതയില്‍ ഗതാഗത സ്തംഭനവുമുണ്ടായി. പൊന്നാനി-ഗുരുവായൂര്‍ മേഖലകളിലേക്കു പോകുന്നവരായിരുന്നു ബസില്‍ അധികവും. ഒടുവില്‍ കോഴിക്കോട്ടുനിന്നു മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ കൊണ്ടുപോയത്.
എന്നാല്‍, തകരാറുകള്‍ സമയാസമയത്ത് റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും മേലുദ്യോഗസ്ഥര്‍ ആവശ്യമായ നടപടിയെടുക്കാറില്ലെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."