ഷാർജയിൽ പുതിയ ഇവി ചാർജിംഗ് നിയമം പ്രാബല്യത്തിൽ: നിയമലംഘകർക്ക് 10,000 ദിർഹം വരെ പിഴ
ഷാർജ: ഷാർജയിലെ ഇലക്ട്രിക് വാഹന (EV) ചാർജിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ച് എക്സിക്യൂട്ടീവ് കൗൺസിൽ. 2026-ലെ പ്രമേയം നമ്പർ 15 പ്രകാരം നിലവിൽ വന്ന ഈ നിയമം ചാർജിംഗ് സ്റ്റേഷനുകളുടെ ലൈസൻസിംഗ്, സേവന നിരക്കുകൾ, നിയമലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവ കർശനമായി വ്യവസ്ഥ ചെയ്യുന്നു. സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനൊപ്പം സേവന നിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം ഇമാറാത്തിലുടനീളം ഏകീകൃതമായ ചാർജിംഗ് നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. സ്ലോ എസി (AC) ചാർജിംഗിന് കിലോവാട്ട്-മണിക്കൂറിന് 0.7 ദിർഹവും ഫാസ്റ്റ് ഡിസി (DC) ചാർജിംഗിന് 1.2 ദിർഹവുമാണ് ഈടാക്കുക. ഈ നിരക്കുകൾക്ക് പുറമെ വാറ്റ് (VAT) ബാധകമായിരിക്കും. ചാർജിംഗ് പൂർത്തിയായ ശേഷം വാഹനം അവിടെത്തന്നെ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പ്രത്യേക 'കാത്തിരിപ്പ് ഫീസും' അധികൃതർ ഏർപ്പെടുത്തി. ചാർജിംഗ് കഴിഞ്ഞ് 10 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. അതിനുശേഷവും വാഹനം നീക്കം ചെയ്തില്ലെങ്കിൽ ഓരോ മിനിറ്റിനും 2 ദിർഹം വീതം കാത്തിരിപ്പ് ഫീസായി നൽകേണ്ടി വരും. പരമാവധി 60 മിനിറ്റ് വരെയാണ് ഈ സൗകര്യം ലഭിക്കുക. ചാർജ് ചെയ്യാതെ തന്നെ പ്ലഗ് പോയിന്റിൽ കണക്ട് ചെയ്തിടുന്ന വാഹനങ്ങൾക്ക് 1,000 ദിർഹം പിഴ ചുമത്തും.
നിയമലംഘനങ്ങൾക്ക് കടുത്ത പിഴകളാണ് ഷാർജ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ലൈസൻസില്ലാതെ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നവർക്ക് 10,000 ദിർഹവും സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാത്ത ഓപ്പറേറ്റർമാർക്ക് 5,000 ദിർഹവുമാണ് പിഴ. ഇലക്ട്രിക് വാഹനങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ മറ്റ് വാഹനങ്ങൾ നിർത്തിയിട്ടാൽ 1,000 ദിർഹം പിഴ ഒടുക്കേണ്ടി വരും. ചാർജിംഗ് സ്റ്റേഷനുകൾക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് അറ്റകുറ്റപ്പണി ചെലവുകൾക്ക് പുറമെ 2,000 ദിർഹം പിഴയും ചുമത്തും. 24 മണിക്കൂറിൽ കൂടുതൽ ചാർജിംഗ് സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ടാൽ പൊലിസ് അത് കണ്ടുകെട്ടുകയും ടോവിംഗ്, സ്റ്റോറേജ് ചെലവുകൾ ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും.
ഷാർജ പൊലിസ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA), ബീഅ ഗ്രൂപ്പ് (BEEAH), സെവ (SEWA) തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളാകും നിയമം നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുക. ഫ്രീ സോണുകളിലും സ്വകാര്യ കെട്ടിടങ്ങളിലും പുതിയ ചട്ടങ്ങൾ ഒരുപോലെ ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
sharjah introduces new ev charging regulations to ensure proper usage and safety, with fines of up to 10000 dirhams for violations as authorities tighten enforcement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."