മണിപ്പൂർ വീണ്ടും കത്തുന്നു: വെടിവെപ്പിൽ രണ്ട് മരണം; കുട്ടികളുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം
ഇംഫാൽ: വംശീയ കലാപം വിട്ടൊഴിയാത്ത മണിപ്പൂരിൽ വീണ്ടും വ്യാപക സംഘർഷം. ബിഷ്ണുപൂരിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സിആർപിഎഫ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബിഎസ്എഫ് ജവാന്റെ രണ്ട് മക്കൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനം വീണ്ടും യുദ്ധക്കളമായത്. സംഘർഷത്തിൽ മുപ്പതോളം പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം.
ഇന്ന് പുലർച്ചെ മൊയ്‌രാങ് ട്രോങ്‌ലോബിയിലെ ജനവാസ മേഖലയിലുണ്ടായ ബോംബാക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് തിരികൊളുത്തിയത്. അക്രമികൾ തൊടുത്തുവിട്ട ബോംബ് വീടിന് മുകളിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് വയസ്സുകാരനും ആറ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞുമാണ് ഈ ദാരുണ സംഭവത്തിൽ കൊല്ലപ്പെട്ടത്. കുക്കി വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികളുടെ മരണവാർത്ത പുറത്തുവന്നതോടെ ജനരോഷം ഇരമ്പിയാർത്തു. പ്രകോപിതരായ ജനക്കൂട്ടം സിആർപിഎഫ് ക്യാമ്പിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെയാണ് സുരക്ഷാസേന വെടിവെപ്പ് നടത്തിയത്. ഇതിലാണ് രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടത്.
കുട്ടികൾ കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് അറിയിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരിയെയും ഇന്ന് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ കുട്ടിയാണിത്. ഈ സംഭവത്തിലും വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. സംസ്ഥാനത്ത് അക്രമങ്ങൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അതീവ ജാഗ്രതാ നിർദ്ദേശമാണ് വിവിധ ജില്ലകളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
Fresh violence erupted in Manipur's Bishnupur district on Tuesday, April 7, 2026, after a suspected rocket attack killed two young children—a five-year-old boy and a six-month-old girl—while they were asleep.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."