സ്റ്റേഷനില്‍ തൂങ്ങി മരിച്ച സംഭവം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍
വണ്ടൂര്‍: ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയയാള്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. സംഭവസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ മനോജ്, പാറാവുകാരന്‍ സതീശ് എന്നിവരും സസ്‌പെന്‍ഷനിലാണ്. അതേസമയം, ശ്വാസംമുട്ടിയതാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഉന്നതസമിതി അന്വേഷണം നടത്തുന്നുണ്ട്.
ഞായറാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു വണ്ടൂര്‍ പൊലിസ് സ്റ്റേഷനില്‍ വിവാദ സംഭവം നടന്നത്. ടയര്‍ മോഷണവുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യാന്‍ കൊണ്ടുവന്ന വണ്ടൂര്‍ പള്ളികുന്ന് പാലക്കതൊണ്ടി അബ്ദുലത്തീഫിനെയാണ് സ്റ്റേഷനിലുള്ള കക്കൂസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ അന്വേഷണങ്ങളും നടപടിക്രമങ്ങളും ഉന്നതാധികാരികളുടെ നേതൃത്വത്തിലായിരുന്നു നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മനുഷ്യാവകാശ കമ്മിഷന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.
പൊലിസ് സര്‍ജന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു മേല്‍നോട്ടം വഹിച്ചു. മൃതദേഹ പരിശോധന പൂര്‍ണമായും വീഡിയോ കാമറയില്‍ പകര്‍ത്തിയിരുന്നു. രാവിലെ 10നു തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം പന്ത്രണ്ടരയോടെയാണ് അവസാനിച്ചത്. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി സയന്റിഫിക്ക് അസിസ്റ്റന്റ് മിനിയും സംഘവും വണ്ടൂര്‍ സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."