അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം
പാരിസ്: യുഎസ് ഫെഡറൽ റിസർവിന്റെ രഹസ്യ നിലവറകളിൽ പതിറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന സ്വർണശേഖരം ഫ്രാൻസ് പൂർണ്ണമായും പിൻവലിച്ചു. ബാങ്ക് ഡി ഫ്രാൻസിന്റെ (ഫ്രാൻസിലെ കേന്ദ്രബാങ്ക്) മൊത്തം സ്വർണശേഖരത്തിന്റെ അഞ്ച് ശതമാനത്തോളം വരുന്ന 129 ടൺ സ്വർണമാണ് ഇത്തരത്തിൽ തിരികെ എത്തിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ചു നിൽക്കുന്ന സാഹചര്യത്തിൽ നടത്തിയ ഈ നീക്കം ഫ്രാൻസിന് 12.8 ബില്യൺ യൂറോയുടെ അധിക ലാഭമാണ് നേടിക്കൊടുത്തത്.
അമേരിക്കയിൽ നിന്നും ഇത്രയും വലിയ സ്വർണശേഖരം നേരിട്ട് ഫ്രാൻസിലേക്ക് എത്തിക്കുന്നത് വൻ സുരക്ഷാ ഭീഷണിയും ഭീമമായ ചെലവുമുള്ള കാര്യമായിരുന്നു. ഇത് ഒഴിവാക്കാൻ ബാങ്ക് ഡി ഫ്രാൻസ് സ്വീകരിച്ചത് വ്യത്യസ്തമായൊരു രീതിയാണ്. അമേരിക്കയിലുണ്ടായിരുന്ന സ്വർണം അവിടെ തന്നെ വിറ്റഴിച്ചു എന്നതാണ് ഞെട്ടിപ്പിക്കുന്നത്.
ലഭിച്ച തുക ഉപയോഗിച്ച് യൂറോപ്യൻ വിപണിയിൽ നിന്നും അത്രതന്നെ തൂക്കം വരുന്ന സ്വർണക്കട്ടികൾ പുതുതായി വാങ്ങി ഫ്രാൻസിലെ ശേഖരത്തിലേക്ക് ചേർത്തു. 1920-കളുടെ അവസാനം മുതൽ അമേരിക്കൻ ബാങ്കുകളിൽ സൂക്ഷിച്ചു തുടങ്ങിയ സ്വർണമാണ് ഇപ്പോൾ പൂർണ്ണമായും ഫ്രാൻസ് ഒഴിവാക്കിയിരിക്കുന്നത്.
സ്വർണശേഖരത്തിന്റെ കാര്യത്തിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഫ്രാൻസ്. ഏകദേശം 2,437 ടൺ സ്വർണമാണ് ഫ്രാൻസിന്റെ കരുതൽ ശേഖരത്തിലുള്ളത്. തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം സ്വന്തം രാജ്യത്ത് തന്നെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി എന്ന വിശ്വാസത്തിലാണ് 30-ഓളം രാജ്യങ്ങൾ തങ്ങളുടെ 6,300 ടൺ സ്വർണം യുഎസ് ഫെഡറൽ റിസർവിനെ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിതമായ നിലപാടു മാറ്റങ്ങളും പല രാജ്യങ്ങളെയും ഇപ്പോൾ മാറ്റി ചിന്തിപ്പിക്കുകയാണ്.
"യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ പ്രവചനാതീതമാണ്, അതിനാൽ സ്വർണം അമേരിക്കയിൽ സുരക്ഷിതമല്ല" എന്ന വാദമുയർത്തി ജർമ്മനിയിലെ സാമ്പത്തിക വിദഗ്ധരും ജനപ്രതിനിധികളും തങ്ങളുടെ സ്വർണശേഖരം തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഇതിനോടകം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫ്രാൻസിന്റെ നടപടി മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും സമാനമായ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചേക്കും.
France has strategically withdrawn its 129 tons of gold reserves from the US Federal Reserve, a move that yielded a staggering 12.8 billion Euro profit due to surging gold prices
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."