ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ; ട്രംപിന്റെ അന്ത്യശാസനത്തിൽ അയവ്, നിർണ്ണായകമായത് പാകിസ്താന്റെ ഇടപെടൽ
വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധഭീതിക്ക് താൽക്കാലിക ആശ്വാസം. ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാന്റെ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു. ഇതനുസരിച്ച് ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപ് തന്റെ കടുത്ത നിലപാടിൽ മാറ്റം വരുത്തിയത്.
ട്രംപിന്റെ പ്രഖ്യാപനം ഇങ്ങനെ:
ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് സൈനിക നടപടികളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ താൻ സമ്മതിച്ചതായി ട്രംപ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
"ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കും. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ നിലവിൽ വിജയകരമായി പൂർത്തീകരിച്ചു. ഇറാനുമായി ദീർഘകാല സമാധാന കരാറിനായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ട്," ട്രംപ് കുറിച്ചു.മിക്ക തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായും അദ്ദേഹം അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് തുറക്കണം; കർശന നിബന്ധന
വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇറാനു മുന്നിൽ ട്രംപ് കർശനമായ ഉപാധി വെച്ചിട്ടുണ്ട്. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) പൂർണ്ണമായും ഉടനടിയും സുരക്ഷിതമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്നതാണ് പ്രധാന നിബന്ധന. ട്രംപ് നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാൻ വെറും ഒരു മണിക്കൂർ ബാക്കിനിൽക്കെയാണ് ഈ സുപ്രധാന നീക്കമുണ്ടായത്.
മധ്യസ്ഥനായി പാകിസ്താൻ; പങ്കാളിയായി ഇസ്രായേലും
അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ അപ്രതീക്ഷിതമായ ഒരു മധ്യസ്ഥന്റെ റോളിലാണ് പാകിസ്താൻ എത്തിയത്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസീം മുനീർ എന്നിവരുമായി ട്രംപ് ആശയവിനിമയം നടത്തിയിരുന്നു. സമാധാന ചർച്ചകളിൽ ഷെരീഫിന്റെ പങ്കിനെ ട്രംപ് പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
അതേസമയം, ഈ വെടിനിർത്തലിൽ ഇസ്റാഈലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ഭീഷണി നിലനിൽക്കെയാണ്, ചർച്ചകൾക്ക് സമയം അനുവദിച്ചുകൊണ്ട് ഇസ്റാഈലും താൽക്കാലികമായി പിന്മാറാൻ സമ്മതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."