കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനവും കാറ്ററിങ് വാഹനവും കൂട്ടിയിടിച്ചു; എന്‍ജിന് കേടുപാട്
കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ കാറ്ററിങ് വാഹനം ഇടിച്ചു. വിമാനത്താവളത്തിലെ 51ാം നമ്പര്‍ പാര്‍ക്കിങ് ബേയില്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ടിരുന്ന 6E 6663 എന്ന വിമാനത്തിലാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചത്.
കൊല്‍ക്കത്തയില്‍ നിന്നും ഗുവാഹത്തിയിലേക്ക് സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന വിമാനമാണിത്. എന്‍ജിന്‍ ഭാഗത്താണ് വാഹനം ഇടിച്ചതെങ്കിലും വലിയ അപകടങ്ങള്‍ ഒഴിവായതായാണ് റിപോര്‍ട്ടുകള്‍. സംഭവസമയത്ത് വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങിയ വാഹനം എന്‍ജിനില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
വിമാനത്തിന് ചെറിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് വിമാനം വിശദമായ പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി മാറ്റി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
സമീപകാലത്തായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഓപ്പറേഷനിടെയുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ ഉരസിയതും വലിയ വാര്‍ത്തയായിരുന്നു.
A Guwahati-bound Indigo aircraft sustained minor engine damage at Kolkata airport after a driverless catering vehicle rolled forward and collided with it at the parking bay.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."