നാലാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മദ്യപിച്ചെത്തി, അന്വേഷണം; ബിഹാറിലെ സ്‌കൂളില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തത് 204 ലിറ്റര്‍ മദ്യം
ബെഗുസാരായ്: നാലാം ക്ലാസ് വിദ്യാര്‍ഥി വീട്ടിലെത്തിയത് മദ്യപിച്ച നിലയില്‍. അന്വേഷണം നടത്തിയ ബന്ധുക്കള്‍ കണ്ടത് ഞെട്ടിക്കുന്ന വിവരം. സ്‌കൂളിലെ ശുചിമുറി മദ്യ സൂക്ഷിപ്പുകേന്ദ്രമായിരിക്കുന്നു. ബിഹാര്‍ ബെഗുസാരായ് ജില്ലയിലെ സിസ്വയിലാണ് സംഭവം. പത്തു വര്‍ഷമായി മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. ഏതായാലും സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലെത്തിയ കുട്ടിയുടെ നടത്തത്തിലും സംസാരത്തിലും അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം നടത്തിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്‌കൂള്‍ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന മദ്യം കുട്ടി കഴിച്ചതായി സഹപാഠികള്‍ വെളിപ്പെടുത്തി.സ്‌കൂള്‍ കെട്ടിടത്തിന് പിന്നിലെ ഉപയോഗശൂന്യമായ ശുചിമുറിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. പ്രധാനധ്യാപകന്‍ നടത്തിയ പരിശോധനയില്‍ 23 കാര്‍ട്ടണുകളിലായി സൂക്ഷിച്ച 204 ലിറ്റര്‍ വിദേശമദ്യം കണ്ടെത്തി. ബച്ച്വാര പൊലിസ് സ്ഥലത്തെത്തി മദ്യശേഖരം പിടിച്ചെടുത്തു. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിഴക്കന്‍ ചമ്പാരനില്‍ വ്യാജമദ്യ ദുരന്തം നടന്ന് ഒരാഴ്ച തികയും മുമ്പേയാണ് ഈ സംഭവം. ഒമ്പത് പേരാണ് അന്ന് മരണപ്പെട്ടത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നും അതിര്‍ത്തി കടന്ന് ഇപ്പോഴും ബിഹാരിലേക്ക് വന്‍തോതില്‍ മദ്യം ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 'ബിഹാറില്‍ മദ്യനിരോധനം ഒരു പരിഹാസമായി മാറിയിരിക്കുന്നു. പ്രതിദിനം ശരാശരി 11,000 ലിറ്റര്‍ വ്യാജമദ്യമാണ് സംസ്ഥാനത്ത് പിടിച്ചെടുക്കുന്നത്. മദ്യമാഫിയയും ഗവണ്‍മെന്റും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണം 40,000 കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നത്'- തേജസ്വി യാദവ് ചൂണ്ടിക്കാട്ടി.
2016 ഏപ്രില്‍ 5നാണ് ബിഹാര്‍ സമ്പൂര്‍ണ്ണ മദ്യനിരോധന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതിന് ശേഷം ഇതുവരെ 11 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16 ലക്ഷം പേര്‍ അറസ്റ്റിലായി. 5 കോടി ലിറ്റര്‍ അനധികൃത മദ്യമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പിടിച്ചെടുത്തത്. വ്യാജമദ്യ ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 350 ലേറെയാണ്.
a class four student in bihar was found drunk after consuming liquor stored in a school toilet raising serious concerns over prohibition enforcement
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."