ശോഭയുടെ ആ കള്ളവും പൊളിഞ്ഞു; വോട്ടിനായി പണം വിതരണം ചെയ്ത സ്ത്രീയും, ശോഭയും ഒരുമിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: നിയമസഭെ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്ത സ്ത്രീയെ അറിയില്ലെന്ന ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ വാദം പൊളിച്ച് കോണ്‍ഗ്രസ്. കണ്ണാടി മേഖലയില്‍ പണവും, സാരിയും വിതരണം ചെയ്ത സ്ത്രീ ശോഭ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇതോടെ ശോഭ വീണ്ടും വെട്ടിലായി.
സിമി സജീവ് എന്ന സ്ത്രീയാണ് ശോഭയുടെ സാന്നിധ്യത്തില്‍ മണ്ഡലത്തില്‍ പണം വിതരണം ചെയ്തത്. എന്നാല്‍ ഇവരെ അറിയില്ലെന്നും, അവര്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്നുമാണ് ശോഭ നേരത്തെ പറഞ്ഞത്. എന്നാല്‍ സിമിയും, ശോഭയും ഒരുമിച്ച് ബിജെപി ജില്ല കമ്മിറ്റി ഓഫീസില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പുറത്തുവിട്ടത്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എത്തിയപ്പോള്‍ എടുത്ത ഈ ഫോട്ടോ, ഇവരുടെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ലഭിച്ചത്. ഇതേ സ്ത്രീ ശോഭയോടൊപ്പം കാറില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
ബിജെപിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. കണ്ണാടി മേഖലയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്തു. വീഡിയോ പകര്‍ത്തുന്നവരുടെ ചെപ്പക്കുറ്റി അടിച്ച് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ശോഭയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇലക്ഷന്‍ കമ്മീഷന്‍ നാടുനീളെ പരിശോധന നടത്തുമ്പോള്‍ പട്ടാപ്പകല്‍ ബിജെപി സ്ഥാനാര്‍ഥി വോട്ടിനായി പണമൊഴുക്കുന്നത് തുടരുകയാണ്. ഇത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യുഡിഎഫ് പറഞ്ഞു. ബിജെപി ഉത്തരേന്ത്യയിലടക്കം പണമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ശൈലി കേരളം അംഗീകരിക്കില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."