ആദ്യ ജയത്തിലും ഗില്ലിന് നിരാശ; ഗുജറാത്ത് ക്യാപ്റ്റന് കിട്ടിയത് വമ്പൻ തിരിച്ചടി
2026 ഐപിഎല്ലിൽ അച്ചടക്ക നടപടി നേരിട്ട് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഡൽഹി ക്യാപ്പിറ്റൽസിനെതിരെയുള്ള മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനാണ് ഐപിഎൽ ഗവേണിങ്ങ് കൗൺസിൽ ഗുജറാത്ത് ക്യാപ്റ്റന് പിഴ ചുമത്തിയത്. ഗിൽ 12 ലക്ഷം രൂപയാണ് പിഴയായി അടക്കേണ്ടത്.
മത്സരത്തിൽ ഒരു റൺസിനാണ് ഡൽഹിയെ ഗുജറാത്ത് വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്.
ഡൽഹി ജയം ഉറപ്പിച്ചെന്ന ഘട്ടത്തിൽ നിന്നുമാണ് ഗുജറാത്ത് അത്ഭുതകരമായി വിജയം പിടിച്ചെടുത്തത്. രണ്ട് പന്തിൽ രണ്ട് റൺസ് ജയിക്കാൻ വേണ്ടി വന്ന സമയത്ത് മിന്നും ഫോമിൽ കളിച്ച ഡേവിഡ് മില്ലർ പരാജയപ്പെടുകയായിരുന്നു. അഞ്ചാം പന്തിൽ കുൽദീപ് യാദവിന് സ്ട്രൈക്ക് കൈമാറാതെ മില്ലർ ക്രീസിൽ തുടരുകയായിരുന്നു. എന്നാൽ അവസാന പന്തിൽ റൺസ് കണ്ടെത്താൻ സാധിച്ചില്ല. വിക്കറ്റ് കീപ്പർ ജോസ് ബട്ലർ ഒരു തകർപ്പൻ റൺ ഔട്ടിലൂടെ കുൽദീപ് യാദവിനെ പുറത്താക്കി ഗുജറാത്തിന് ആവേശകരമായ വിജയം ഉറപ്പാക്കി. ഡൽഹിയുടെ ബാറ്റിങ്ങിൽ കെഎൽ രാഹുൽ 92 റൺസ് നേടി മികച്ച പ്രകടനം നടത്തി. മില്ലറും പാത്തും നിസങ്കയും 41 റൺസ് വീതവും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് വേണ്ടി ഗിൽ, ബട്ലർ, വാഷിംഗ്ടൺ സുന്ദർ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 45 പന്തിൽ നാല് ഫോറുകളും അഞ്ചു സിക്സുകളും അടക്കം 70 റൺസാണ് ഗുജറാത്ത് ക്യാപ്റ്റൻ നേടിയത്. വാഷിംഗ്ടൺ സുന്ദർ 32 പന്തിൽ 55 റൺസും നേടി. 27 പന്തിൽ 52 റൺസാണ് ബട്ലറിന്റെ ബാറ്റിൽ നിന്നും പിറന്നത്. മൂന്ന് ഫോറുകളും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ഗുജറാത്തിന്റെ ബൗളിങ്ങിൽ റാഷിദ് ഖാൻ മൂന്ന് വിക്കറ്റും പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും നേടി.
ഏപ്രിൽ 11ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. ഏപ്രിൽ 12ന് നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ആണ് ഗുജറാത്തിന്റെ എതിരാളികൾ.
Gujarat Titans captain Shubman Gill to face disciplinary action in 2026 IPL. The IPL Governing Council has fined the Gujarat captain for his slow over-rate in the match against Delhi Capitals. Gill will have to pay a fine of Rs 12 lakh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."