സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
മുംബൈ: മുംബൈയിൽ നിന്നും ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി മുംബൈയിൽ ലാൻഡ് ചെയ്തു.
മുംബൈ-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന AI2812 എന്ന വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കിയത്. ആകാശത്തുവെച്ച് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനാൽ, സുരക്ഷാ മാനദണ്ഡങ്ങൾ (SOP) പാലിച്ച് വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.
മുംബൈയിൽ തിരിച്ചിറക്കിയ വിമാനം നിലവിൽ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുകയാണ്. വിമാനം തിരിച്ചിറക്കിയതിനാൽ ബാധിക്കപ്പെട്ട യാത്രക്കാർക്കായി എയർ ഇന്ത്യ മറ്റൊരു വിമാനം ഏർപ്പെടുത്തി. കൂടാതെ, യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും മുംബൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ നൽകിയതായും കമ്പനി അറിയിച്ചു.
എല്ലായിപ്പോഴും തങ്ങളുടെ പ്രഥമ പരിഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. അപ്രതീക്ഷിതമായി ഉണ്ടായ തടസ്സത്തിൽ ബുദ്ധിമുട്ടിയ യാത്രക്കാരോട് എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."